സ്വന്തം ലേഖകൻ: ബ്രിക്സ് അംഗത്വം നേട്ടമാക്കാനൊരുങ്ങി യുഎഇയും സൗദി അറേബ്യയും. മധ്യപൂർവദേശത്തുനിന്ന് ഏഷ്യ, ആഫ്രിക്ക ഇടനാഴി വഴി വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ സാധിക്കുമെന്നാണ് ഇരുരാജ്യങ്ങളും കണക്കുകൂട്ടുന്നത്. ഇതു യുഎഇയിലെ വ്യാപാര, നിക്ഷേപ, പുനർ കയറ്റുമതി രംഗത്ത് വൻ കുതിപ്പുണ്ടാക്കുമെന്നാണ് സൂചന.
ബ്രിക്സിൽ അംഗത്വം നൽകിയതിനെ യുഎഇയും സൗദിയും സ്വാഗതം ചെയ്തു. സഹകരണത്തിന്റെ പുത്തൻ വാതിലുകൾ തുറന്നതിന്റെ നേട്ടം ആഗോള ജനതയ്ക്കു ലഭ്യമാകട്ടെ എന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. രാജ്യത്തിന്റെ സന്തുലിത രാജ്യാന്തര നയത്തിന്റെ തെളിവാണ് യുഎഇയുടെ അംഗത്വമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
വടക്കും തെക്കും കിഴക്കും പടിഞ്ഞാറും രാജ്യങ്ങൾ തമ്മിലുള്ള വിടവ് നികത്തി സുപ്രധാന സാമ്പത്തിക, വ്യാപാര കേന്ദ്രമെന്ന നില ശക്തിപ്പെടുത്തും. സമാധാനം, സുരക്ഷ, ആഗോള വികസനം എന്നീ ലക്ഷ്യങ്ങൾക്കായുള്ള യാത്ര യുഎഇ തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
അതേസമയം പശ്ചിമേഷ്യയുടെ രാഷ്ട്രീയ-സാമ്പത്തിക-നയതന്ത്ര രംഗങ്ങളില്‍ കാര്‍മേഖങ്ങള്‍ ഉരുണ്ടുകൂടിയ 2017ലെ ജിസിസി പ്രതിസന്ധിക്കും ഇറാന്-സൗദി തര്‍ക്കത്തിനും മധ്യസ്ഥന്റെ റോളിലെത്തി പരിഹാരം കണ്ടെത്തിയ ചൈന ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്ന സ്ഥാനം ജൂണിലും ചൈന നിലനിര്‍ത്തി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
ജിസിസി രാജ്യങ്ങളുമായെല്ലാം ചൈനയ്ക്ക് വലിയ വ്യാപാര പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ ജൂണില്‍ ഏറ്റവുമധികം സൗദി ഉല്പന്നങ്ങള് കയറ്റി അയച്ചത് ചൈനയിലേക്കാണ്. സൗദി ചൈനയിലേക്ക് 13.7 ബില്യണ്‍ റിയാലിന്റെ ഉല്പന്നങ്ങള് കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 15.5 ശതമാനം ചൈനയിലേക്കായിരുന്നു. രണ്ടാംസ്ഥാനത്ത് ദക്ഷിണ കൊറിയയും മൂന്നാംസ്ഥാനത്ത് ഇന്ത്യയുമാണ്. സൗദിയിലേക്കുള്ള ഇറക്കുമതിയിലും ഒന്നാം സ്ഥാനത്ത് ചൈനയാണ്. ചൈനയില്‍ നിന്ന് 10 ബില്യണ്‍ റിയാലിന്റെ ഉല്പന്നങ്ങള് ജൂണില്‍ സൗദി ഇറക്കുമതി ചെയ്തു.
ചൈന ഉല്പന്നങ്ങള് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിപണിയാണ് ഗള്‍ഫ്. സൗദിയില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കുമാണ്. പരസ്പര വ്യാപാര പങ്കാളിത്തം ഇരുകൂട്ടര്‍ക്കും പ്രധാനമാണ് എന്നതിനാല്‍ ബന്ധം ഊഷ്മളമായി തുടരേണ്ടതുണ്ട്.
ചൈനയുടെ മധ്യസ്ഥതയിലുണ്ടാക്കിയ ഉടമ്പടി പ്രകാരം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇറാന് മന്ത്രി കഴിഞ്ഞയാഴ്ച സൗദി സന്ദര്‍ശിച്ചിരുന്നു. ഷിയ പണ്ഡിതനെ സൗദി വധിച്ചതിനെ തുടര്‍ന്ന് ഇറാനിലെ എംബസികള്‍ ആക്രമിക്കപ്പെട്ടതോടെയാണ് സൗദിയും ഇറാനും തമ്മില്‍ നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ മാസം അംബാസഡര്‍മാരെ പുനര്‍നിയമിക്കാന്‍ ചൈനയുടെ മധ്യസ്ഥ നീക്കങ്ങളിലൂടെ സാധിച്ചിരുന്നു.
2017ലെ ജിസിസി പ്രതിസന്ധിയില്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര, വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ആറ് വര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞയാഴ്ചയാണ് നയതന്ത്ര പ്രതിനിധിയെ യുഎഇ നിശ്ചയിച്ചത്. യുഎഇയിലെ അംബാസഡറെ ഖത്തറും നിയമിച്ചു. സൗദിയും ഖത്തറുമായി ബന്ധം പുനസ്ഥാപിച്ചതും ചൈനയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ അല്‍ ഉല ഉടമ്പടിയെ തുടര്‍ന്നാണ്.
യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുകയും വ്യോമ, കര, കടല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയായിരുന്നു ജിസിസി പ്രതിസന്ധി ഉടലെടുത്തത്. ഖത്തറിനെ ഒറ്റപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു ഉപരോധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല