സ്വന്തം ലേഖകൻ: സൗജന്യ വ്യാപാര കരാറിന്റെ ഭാഗമായി രാജ്യത്ത് നിന്നുള്ള നഴ്സുമാര്‍ക്കായി കൂടുതല്‍ വീസ ഇളവുകള്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് ഇന്ത്യ. വ്യാപാരകരാര്‍ ചര്‍ച്ചയുടെ അടുത്ത ഘട്ട ചര്‍ച്ചയ്ക്കായി ബ്രിട്ടീഷ് ട്രെയ്ഡ് സെക്രട്ടറി ജയ്പൂരിലെത്തിയിട്ടുണ്ട്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മന്ത്രി കെമി ബെയ്ഡ്നോഷ് എത്തിയിരിക്കുന്നത്. ഐടി, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി വ്യവസായങ്ങളിലെ ജോലികള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യ തേടുന്നതായും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം ഒരു പ്രധാന പ്രശ്‌നമായിരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് യുകെ ഇന്ത്യയുടെ ആവശ്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഒരു ഘട്ടത്തില്‍ 2022 ഒക്ടോബറില്‍ ദീപാവലിക്ക് മുന്‍പായി വ്യാപാരകരാര്‍ നടത്താന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ 2023 നവംബറില്‍ ഇത് പൂര്‍ത്തിയാക്കാനാകുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. സെപ്റ്റംബറില്‍ കൂടുതല്‍ എഫ്ടിഎ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നുണ്ട്. റിഷി സുനക് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ജി20 യോഗത്തിന് മുമ്പ് ഒരു കരാര്‍ നടക്കുമെന്ന പ്രതീക്ഷകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
ഇന്ത്യയുമായി വളരെയധികം കാര്യങ്ങള്‍ സഹകരിച്ച് ചെയ്യാനുണ്ടെങ്കിലും ചര്‍ച്ചകളിലൂടെ മാത്രമേ ഇതിന്റെ സമയക്രമം എപ്പോള്‍ പ്രാവര്‍ത്തികമാകും തുടങ്ങിയ കാര്യങ്ങള്‍ തീരുമാനത്തിലെത്തിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ബ്രിട്ടീഷ് മന്ത്രിയും ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുകെയും ഇന്ത്യയും തമ്മിലുള്ള പുതിയ കരാറിനായുള്ള ചര്‍ച്ചകള്‍ പരിശോധിക്കും.
‘ഞങ്ങള്‍ പുരോഗതി കൈവരിച്ചു, എന്നാല്‍ ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം എന്നിവയുള്‍പ്പെടെ സങ്കീര്‍ണ്ണവും സാങ്കേതികവുമായ മേഖലകളിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്.’ ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പ്രധാന പുതിയ വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ബന്ധത്തെ മന്ത്രി കെമി ബെയ്നോഷ് പ്രശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല