അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): റോഥര്‍ഹാമിലെ മാന്‍വേഴ്സ് ലെയിക്കില്‍ വള്ളംകളിയുടെ ആവേശപോരിൽ ആർപ്പോ വിളികൾ മുഴക്കാൻ ഇനി മലയാളത്തിലെ പ്രിയ താരങ്ങളായ ജോജു ജോർജും, കല്യാണി പ്രിയദർശനും, ചെമ്പൻ വിനോദും അടങ്ങുന്ന “ആൻ്റണി” സംഘം എത്തിച്ചേർന്നു. അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ഇക്കുറി സെലിബ്രിറ്റി ഗസ്റ്റുകളായി ആൻ്റണി സിനിമയിലെ ഈ താരങ്ങൾ ഇന്നലെ എത്തിയതോടു കൂടി ഈ വർഷത്തെ റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൻ്റെ ഓളപ്പരപ്പിലെ വീറും വാശിയും പതിൻമടങ്ങ് ഇരട്ടിയായിക്കഴിഞ്ഞു.
മലയാളത്തിലെ സൂപ്പർ സംവിധായകൻ ജോഷി സംവിധാനം നിർവഹിക്കുന്ന “ആൻ്റണി” എന്ന ചിത്രത്തിൻ്റെ പ്രമോഷന്റെ ഭാഗമായാണ് ഇതിലെ താരങ്ങളായ ജോജു ജോർജും കല്യാണി പ്രിയദർശനും ചെമ്പൻ വിനോദും യുക്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വള്ളംകളിക്ക് എത്തിയിരിക്കുന്നത്.
യുകെ മലയാളിയും ഹോട്ടൽ ബിസിനസ്കാരനുമായ ഐൻസ്റ്റീൻ സാക്ക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഐൻസ്റ്റീൻ സാക്ക് പോൾ – ൻ്റെ ഐൻസ്റ്റീൻ മീഡിയ എന്ന ബാനർ നിർമ്മിക്കുന്ന ആറാമത് ചിത്രം ആണ് “ആൻ്റണി”. ഐൻസ്റ്റീൻ മീഡിയയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യുകെ മലയാളിയും ബിസിനസുകാരനുമായ ഷിജോ ജോസഫ് ആണ്.
ആൻ്റണി എന്ന ചിത്രത്തിൻ്റെ ആദ്യ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് യുകെയിൽ നടന്ന വർണഭമായ ചടങ്ങിൽ വച്ചായിരുന്നു. സോണി ലൈവിൽ പ്രീമിയർ ചെയ്തത് ലോകമെങ്ങും ഹിറ്റായി മാറിയ പുരുഷപ്രേതം എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്ക് ഇറങ്ങിയ ഐൻസ്റ്റീൻ മീഡിയ ഇനി വരാനിരിക്കുന്ന പുലിമട, പ്രഹരം, ഇത്തിരി നേരം, ആൻ്റണി, 1934, എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾ കൂടിയാണ്.
യുകെ മലയാളികളായ കൃഷണരാജ് രാജൻ, ഗോകുൽ വർമ്മ എന്നിവർ സഹ നിർമാതാക്കൾ ആകുന്ന “ആൻ്റണി” എന്ന ചിത്രത്തിൻ്റെ സ്പോൺസർഷിപ്പിൽ യുക്മ വള്ളംകളിക്ക് ഒരു വള്ളം മൽസരിക്കാൻ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ വള്ളംകളിക്ക് ഉണ്ട്.
പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ അണിയറപ്രവർത്തകരും താരങ്ങളും വീണ്ടും ഒന്നിക്കുന്ന ആൻ്റണിയിൽ, തല്ലുമാല, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന കല്യാണി കൂടി ചേർന്നതോടെ ചിത്രത്തിൻ്റെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. പതിനായിരങ്ങൾ പങ്കെടുക്കുന്ന യുക്മ കേരള പൂരം വള്ളംകളിക്ക് ഈ താരങ്ങൾ എത്തിയതോടെ യുകെ ക്ക് പുറത്തും യുക്മയുടെ വള്ളംകളിക്ക് ജനശ്രദ്ധ കൂടുകയാണ്.
കേരളീയതയുടെ തനിമ ചോരാതെ യുക്മ വർഷാവർഷം അണിയിച്ചോരുക്കുന്ന ഈ ജലയങ്കത്തിന് ആവേശം കൊടുമുടിയിൽ എത്തുമെന്ന് ഉറപ്പ്. അപ്പോ ആർപോ വിളികൾ തുടങ്ങട്ടെ!! “ആർപ്പോ”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല