അമേരിക്ക നല്‍കിവന്നിരുന്ന ധനസഹായം നിര്‍ത്തിവെച്ചതോടെ ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരികസംഘടനയായ യുനെസ്‌കോയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഈ വര്‍ഷം അവസാനം വരെയുള്ള യുനെസ്‌കോയുടെ പരിപാടികളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. യുനെസ്‌കോയില്‍ ഫലസ്തീന് സ്ഥിരാംഗത്വം നല്‍കിയതിന്റെ പേരിലാണ് സംഘടനയ്ക്കു അമേരിക്ക നല്‍കിയിരുന്ന ധനസഹായം പിടിച്ചുവച്ചത്.
ഫലസ്തീന് അംഗത്വം നല്‍കിയതിലുള്ള വാഷിംഗ്ടണിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സംഘടനയുടെ ഫണ്ടില്‍ 65ബില്യന്റെ കുറവുണ്ടായെന്ന് യുനസ്‌കോ ഡയറക്ടര്‍ ഇറിന ബോക്കോവ പറഞ്ഞു. 2011ന് യു.എസ് നല്‍കേണ്ടുന്ന പണമായിരുന്നു ഇത്. സാധാരണയായി വര്‍ഷാവസാനമായിരുന്നു യു.എസ് പണം നല്‍കിയിരുന്നത്. അമേരിക്കയുടെ പിന്തുണയില്ലാതെ സംഘടനയുടെ പ്രവര്‍ത്തനം അസാധ്യമാണെന്ന് ബോക്കോവ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വര്‍ഷാവസാനം വരെയുള്ള യുനെസ്‌കോയുടെ പരിപാടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ബോക്കോവ കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ടുതന്നെ തങ്ങള്‍ ഇതിന് പരിഹാരമാര്‍ഗം കാണേണ്ടതുണ്ട്. ഈ വര്‍ഷത്തെ പരിപാടികള്‍ താന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തെ പുനപരിശോധന കഴിയുന്നത് വരെ തങ്ങളുടെ പദ്ധതികളൊന്നും നടത്തേണ്ടതെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബോക്കോവ വ്യക്തമാക്കി.
കഴിഞ്ഞമാസം അവസാനമാണ് ഫലസ്തീന് യുനെസ്‌കോയില്‍ സ്ഥിരാംഗത്വം നല്‍കിയത്. യുഎസിനു പിന്നാലെ ഇസ്രയേലും യുനെസ്‌കോയ്ക്കു നല്‍കിവന്നിരുന്ന ധനസഹായത്തില്‍ 15 ലക്ഷം ഡോളര്‍ തടഞ്ഞുവച്ചിരുന്നു. അമേരിക്കയുടേയും ഇസ്രയേലിന്റെയും കടുത്ത പ്രതിഷേധത്തിനിടെയാണ് യുനെസ്‌കോ പലസ്തീനു അംഗത്വം നല്‍കിയത്. ഓരോ വര്‍ഷവും 20 ശതമാനം ധനസഹായമാണ് അമേരിക്ക യുനെസ്‌കോയ്ക്കു നല്‍കി വന്നിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല