1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2023

സ്വന്തം ലേഖകൻ: വാഗ്നർ കൂലിപ്പട്ടാളമേധാവി യെവ്‌ഗെനി പ്രിഗോഷിന്റെ അപകടമരണത്തിനുപിന്നാലെ, റഷ്യൻഭരണകൂടത്തോട് കൂറുപ്രഖ്യാപിച്ചുകൊണ്ട് സത്യപ്രതിജ്ഞയിൽ ഒപ്പിടാൻ സേനാംഗങ്ങളോട് പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉത്തരവിട്ടു.

പ്രിഗോഷിന്റെ മരണത്തിനുപിന്നിൽ പുതിന്റെ ഗൂഢാലോചനയാണെന്ന് യുഎസ് ഉൾപ്പെടെ പാശ്ചാത്യരാജ്യങ്ങൾ ആരോപിച്ചതിനുപിന്നാലെയാണ് ഇത്. അടിയന്തരമായി നടപ്പാക്കണമെന്ന നിർദേശത്തോടെയാണ് പുതിൻ ഉത്തരവിറക്കിയത്.

വാഗ്നർസേനയെയും മറ്റ് സ്വകാര്യ സൈനിക കരാറുകാരെയും കർശനമായ ഭരണകൂട നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവരുന്നതിനാണ് നടപടിയെന്നാണ് വിലയിരുത്തൽ. ഉത്തരവ് ക്രെംലിൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈന്യത്തിനുവേണ്ടി ജോലിചെയ്യുന്നവരോ യുക്രൈനിലെ ‘പ്രത്യേക സൈനിക നടപടി’യെ പിന്തുണയ്ക്കുന്നവരോ ആയവരെല്ലാം റഷ്യയോട് കൂറുവ്യക്തമാക്കിക്കൊണ്ട് പ്രതിജ്ഞയെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു.

പ്രിഗോഷിന്റെ മരണത്തിനു പിന്നാലെ വാഗ്നർസേനയുടെ നിലനിൽപ്പ് ചോദ്യംചെയ്യപ്പെടുകയാണ്. ഈ അനിശ്ചിതത്വം മുതലെടുക്കാനാണ് പുതിന്റെ ഇടപെടലെന്നാണ് വിലയിരുത്തൽ. സിറിയമുതൽ സബ് സഹാറൻ ആഫ്രിക്കൻരാജ്യങ്ങളുടെവരെ രാഷ്ട്രീയ-സൈനിക കാര്യങ്ങളിൽ വാഗ്നർസേനയ്ക്ക് നിർണായകസ്വാധീനമാണുള്ളത്. യുക്രൈൻ യുദ്ധത്തിൽ റഷ്യക്കുവേണ്ടി മുന്നിൽനിന്ന് പോരാടിയതും അവരാണ്.

ആഫ്രിക്കൻ രാജ്യങ്ങളിലെ ടൈറ്റാനിയമടക്കമുള്ള ധാതുസമ്പത്ത് വാഗ്നർസേന സാമ്പത്തികനേട്ടത്തിനുപയോഗിക്കുന്നുണ്ട്. പക്ഷേ, ഇതുവരെ ഇത്തരം നീക്കങ്ങളെല്ലാം പ്രിഗോഷിനുകീഴിലായിരുന്നു. യുഎന്നിലെ 54 അംഗങ്ങൾ ആഫ്രിക്കൻ ബ്ലോക്കിൽനിന്നുള്ളതാണെന്നിരിക്കെ യുക്രൈൻ വിഷയത്തിൽ അവരുടെ പിന്തുണ റഷ്യക്ക് പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രിഗോഷിനില്ലെങ്കിലും ഇവിടെ വാഗ്നർസേനയെ റഷ്യ നിലനിർത്തുമെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. അത് പുതിയ നേതൃത്വത്തിനുകീഴിലായിരിക്കാമെന്നും വാദങ്ങളുണ്ട്.

എന്നാൽ, വാഗ്നർസേനയിൽ പ്രിഗോഷിൻ ശക്തമായ വ്യക്തിബന്ധങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നിരിക്കേ അവരെ മറികടന്ന് വാഗ്നറെ നിയന്ത്രിക്കുക റഷ്യക്ക്‌ വെല്ലുവിളിയാകുമെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.