സാമ്പത്തിക വിദഗ്ധനായ മുന്‍ യൂറോപ്യന്‍ കമ്മീഷണര്‍ മരിയോ മോണ്ടി ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയാകും. സില്‍വിയോ ബര്‍ലുസ്കോണി രാജിവച്ച സാഹചര്യത്തില്‍ പ്രസിഡന്റ് ജിയോര്‍ജിയോ നപ്ലിറ്റാനോയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോണ്ടിയെ നാമനിര്‍ദ്ദേശം ചെയ്തത്. പുതിയ സര്‍ക്കാരിന്റെ രൂപവത്കരണത്തിനു മുന്നോടിയായി അദ്ദേഹം ബര്‍ലുസ്കോണിയുടെ പാര്‍ട്ടിയുള്‍പ്പെടെ രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബര്‍ലുസ്കോണിയുടെ ഉള്‍പ്പെടെ പ്രധാന പാര്‍ട്ടികളെല്ലാം മോണ്ടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത മോണ്ടിയെ ആജീവനാന്ത സെനറ്ററായി പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തിരുന്നു. 2013ലാണ് ഇനി ഇലക്ഷന്‍. ഇറ്റലിയുടെ പൊതുക്കടം മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 120%ത്തിലേറെയാണ്. ഒന്നരവര്‍ഷത്തിനകം കടക്കെണിയില്‍ നിന്നു കരകയറാനുള്ള നടപടികള്‍ ആവിഷ്കരിക്കേണ്ട ചുമതലയാണു മോണ്ടിയുടെ ചുമലിലുള്ളത്. ഇറ്റലിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറ്റുമെന്നും ഭാവി തലമുറയ്ക്കായി രാജ്യത്തിന്റെ പഴയപ്രതാപം വീണ്ടെടുക്കുമെന്നും മോണ്ടി പറഞ്ഞു.
അതേസമയം, പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മോണ്ടി ഒരു സമയക്രമപട്ടികയൊന്നും നിശ്ചയിച്ചിട്ടില്ല. പുതിയ മന്ത്രിമാരേക്കുറിച്ചും അദ്ദേഹം സൂചനകളൊന്നും നല്‍കുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ചുള്ള കൂടിയാലോചനകള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ട ചെലവുചുരുക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കാര നടപടികള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണു മുന്‍വാഗ്ദാന പ്രകാരം ബര്‍ലുസ്കോണി ശനിയാഴ്ച ക്വിരിനാല്‍ കൊട്ടാരത്തില്‍ എത്തി പ്രസിഡന്റിനു രാജിക്കത്തു നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല