സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായാണ് മണ്ണുകുഴിച്ചുള്ള പരീക്ഷണം നടക്കുന്നത്.
ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള പരീക്ഷണം. വിക്രം ലാൻഡറിലെ വിഎസ്എസ്സിയുടെ പേലോഡുകളിൽ ഒന്നായ ചസ്തെയാണ് (ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്പീരിമെന്റ് –ChaSTE) താപനില സംബന്ധിച്ച വിവരങ്ങൾ പഠിക്കുന്നത്.
ഏകദേശം 7 സെന്റിമീറ്റർ താഴ്ചയിൽ താപനില പൂജ്യമാണ്. ഓരോ സെന്റിമീറ്റർ ആഴത്തിലും ചൂടുകുറയുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. വിവിധ ആഴങ്ങളിലായി നിർണായക വിവരങ്ങളാണ് പേലോഡ് സെൻസറുകൾ ശേഖരിച്ചത്. ഈ വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഏതെങ്കിലും തരത്തിൽ അവിടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോയെന്ന് ഇലക്ട്രോൺ സാന്ദ്രത പരിശോധിച്ചു മനസ്സിലാക്കുന്നതിനാണ് മറ്റൊരു പേലോഡുമുണ്ട്. റോവറിലെ സ്പെക്ട്രോസ്കോപി ഉപയോഗിച്ച് എന്തൊക്കെത്തരം മൂലകങ്ങളുണ്ടെന്ന് കണ്ടെത്തും.
അതേസമയം ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള പേടകമാണിത്. വിക്ഷേപണത്തിനുശേഷം 125 ദിവസമാണ് യാത്ര. ഭൂമിയിൽനിന്ന് 1.5 മില്യൻ കിലോമീറ്റർ അകലം വരെയെത്തി സൂര്യനെ നിരീക്ഷിക്കും.
സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയുമാണ് പ്രധാന ലക്ഷ്യം. കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) എന്നതിനെക്കുറിച്ചാണ് പ്രധാന പഠനം. സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും അതുവഴിയുണ്ടാകുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും പഠിക്കും.
ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ സൂര്യനെക്കുറിച്ചുള്ള പഠനം ഊർജിതമാക്കുന്നത്. ചന്ദ്രയാൻ ലാൻഡ് ചെയ്ത ദിവസം തന്നെ അടുത്ത ലക്ഷ്യം സൂര്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല