1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2023

സ്വന്തം ലേഖകൻ: സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. സൗദിയിലെ ലോജിസ്റ്റിക്സ് മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണം, പ്രമുഖ നിക്ഷേപ കേന്ദ്രമായും ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമായും രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തൽ എന്നിവയാണ് ലക്ഷ്യം.

ലോജിസ്റ്റിക്‌സ് മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ലോജിസ്റ്റിക് കേന്ദ്രങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ ആരംഭിക്കുന്നത്. സാമ്പത്തിക വളർച്ചയെ ഇത് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യാന്തര വ്യാപാര, വിതരണ ശൃംഖലകളുമായി സൗദിയുടെ പ്രാദേശിക ശൃംഖലകളെ ബന്ധിപ്പിക്കൽ ഇതിലൂടെ സാധ്യമാകും.

മാസ്റ്റർ പ്ലാനിൽ 10 കോടി ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള 59 കേന്ദ്രങ്ങൾ ഉൾപ്പെടുന്നുണ്ട്. റിയാദ്, മക്ക എന്നിവിടങ്ങളിൽ 12ഉം കിഴക്കൻ പ്രവിശ്യയിൽ 17ഉം മറ്റ് പ്രദേശങ്ങളിലെല്ലാം കൂടി 18ഉം കേന്ദ്രങ്ങളാണ് സ്ഥാപിക്കുന്നത്. 2030ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തസജ്ജമാകും. ഇത്തരത്തിൽ 21 കേന്ദ്രങ്ങളിൽ ഇപ്പോൾ പ്രവൃത്തി നടക്കുകയാണ്.

ഈ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷത സൗദി അറേബ്യക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്ന നിലയിൽ ലോക ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഇതിലൂടെ ഉറപ്പിക്കപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.