സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളില്‍ തോറ്റ പെണ്‍കുട്ടി വീണ്ടും അതേ ക്ലാസികള്‍ പഠിക്കേണ്ടതിന്റെ സങ്കടത്താല്‍ ഹൃദയംപൊട്ടി മരിച്ചെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കിംവദന്തി പരന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിവരങ്ങള്‍ പരിശോധിക്കാതെ ‘ഫോര്‍വേഡ്’ ബട്ടണ്‍ അമര്‍ത്തിയാല്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കെതിരേ യുഎഇ അധികാരികളും നിയമവിദഗ്ധരും വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പങ്കുവയ്ക്കുന്നതും കനത്ത പിഴ മാത്രമല്ല, ജയില്‍ ശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഇഎസ്ഇ) ഓര്‍മിപ്പിച്ചു. വീണ്ടും പഴയ ക്ലാസില്‍ ഇരിക്കേണ്ടിവരുമെന്ന വിഷമത്തില്‍ ഹൃദയംപൊട്ടി മരിച്ചെന്ന പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് വ്യക്തമാക്കി ഇഎസ്ഇ പ്രസ്താവന പുറത്തിറക്കിയിരുന്നു.
സമൂഹമാധ്യമ പോസ്റ്റുകളില്‍ പറയുന്ന പ്രകാരമുള്ള വിദ്യാര്‍ഥിനിയുടെ പേര് ഇഎസ്ഇയുടെ അഫിലിയേറ്റഡ് സ്‌കൂളുകളുടെ രേഖകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെറ്റായ വിവരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കെട്ടിച്ചമച്ചതാണ്. പോസ്റ്റുകളിലെ വിവരങ്ങള്‍ക്ക് വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
യുഎഇയില്‍ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചാല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍, അത്യാഹിതങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയ്ക്കിടയിലാണ് ഇത്തരം പ്രചാരണമെങ്കില്‍ ശിക്ഷ രണ്ട് വര്‍ഷം തടവും കുറഞ്ഞത് 200,000 ദിര്‍ഹം പിഴയും ആയി വര്‍ധിക്കും.
ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് ദിവസത്തിനകം പ്രതിക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാം. ഒരാഴ്ചയ്ക്കകം പരാതി പരിഗണിക്കണം. പരാതി തള്ളിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അബുദാബി ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാം. അപ്പീല്‍ ഹരയില്‍ കോടതിക്ക് തീരുമാനമെടുക്കാനുള്ള സമയം ഒരാഴ്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല