സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം പിരോള, വരുന്ന ശൈത്യകാലത്ത് ആഞ്ഞടിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ കോവിഡ് വാക്സിനും ഫ്ലൂ ജാബും ഒരു മാസം മുമ്പേ നല്കാന് എന്‍ എച്ച് എസ്. കെയര്‍ഹോം അന്തേവാസികള്‍ക്കും അപകട സാധ്യത കൂടുതലുള്ളവര്‍ക്കുമുള്ള വാക്സിന് വിതരണം നേരത്തെ നിശ്ചയിച്ചതിലും വേഗത്തില്‍ നടക്കുമെന്ന് ആരോഗ്യ, സാമൂഹ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 11 മുതല്‍ ജി പി മാരും ഫാര്‍മസികളും വാക്സിന് നല്കി തുടങ്ങും. സാങ്കേതികമായി ബി എ 2.86 എന്ന് വിളിക്കുന്ന പിരോളയുടെ വ്യാപനം ശക്തമാകാന്‍ തുടങ്ങിയതോടെ, ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നടപടി. രണ്ടാമത് ഒരു ബ്രിട്ടീഷുകാരനില്‍ കൂടി ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
ശാസ്ത്രജ്ഞര്‍, പുതിയ വകഭേദത്തെ കുറിച്ചുള്ള പഠനം ത്വരിതപ്പെടുത്തിയ സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണ മേഖലക്ക് മേല്‍ ഒരു സമ്മര്‍ദ്ദം ഉണ്ടാകുന്നത് ഒഴിവാക്കുവാനായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ലോകം കോവിഡിനെ കണ്ടതുമുതലുള്ള ഏറ്റവും വ്യാപനശക്തിയുള്ള ഇനമായിട്ടാണ് ഇപ്പോള്‍ പിരോളയെ കണക്കാക്കുന്നത്. ആരോഗ്യ മന്ത്രി മറിയ കോള്‍ഫീല്‍ഡാണ് വാക്സിന് നേരത്തെ നല്കുന്ന വിവരം പ്രഖ്യാപിച്ചത്.
വ്യക്തിഗത പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, എന്‍ എച്ച് എസിന്റെ മേല്‍ അമിത ഭാരം ഉണ്ടാകുന്നത് തടയുവാനുമാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നത് എന്ന് പറഞ്ഞ മന്ത്രി ഇതുവരെ വാക്സിന് എടുക്കാത്തവര്‍ ഉള്‍പ്പടെ, വാക്സിന് എടുക്കാനുള്ള അറിയിപ്പ് ലഭിച്ചവര്‍ എല്ലാവരും വാക്സിന് എടുക്കണമെന്നും നിര്‍ദ്ദേശിച്ചു. വാക്സിന് നല്‍കുക വഴി മറ്റൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത ഇല്ലാതെയാക്കുകയാണ് ലക്ഷ്യം
ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും നിലവില്‍ ബി എ 2.86 എന്ന ഈ പുതിയ വകഭേദത്തെ കുറിച്ച് പരിമിതമായ അറിവുകള്‍ മാത്രമാണ് ശാസ്ത്രലോകത്തിന് ഉള്ളത്. ഇതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും, പുതിയ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അതെല്ലാം സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അതേസമയം, രേഖപ്പെടുത്തിയതിലും വളരെയധികം പേര്‍ക്ക് ഈ വകഭേദം ബാധിച്ചിട്ടുണ്ടാവാം എന്നും ആശങ്കയുണ്ട്. വ്യാപകമായ കോവിഡ് പരിശോധന 2022മെയ് മാസത്തില്‍ നിര്‍ത്തിയതില്‍ പിന്നെ, വളരെ ചുരുക്കം ചിലര്‍ മാത്രമെ സ്വയം രോഗ പരിശോധനക്കായി മുന്പോട്ട് വരുന്നുള്ളു. അതുകൊണ്ടു തന്നെ, രോഗ ബാധിതരുടെ എണ്ണവും കൃത്യമായി കണക്കാക്കാന്‍ ആകാത്ത സാഹചര്യമാണുള്ളത്. ഒ എന്‍ എസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഗസ്റ്റ് 11 ന് അവസാനിച്ച ആഴ്ച്ചയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 74 കോവിഡ് മരണങ്ങള് ഉണ്ടായിട്ടുണ്ട് എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല