1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2023

സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങാൻ മലേഷ്യൻ, എത്തിഹാദ്, ഒമാൻ എയർലൈൻസുകൾ. ഇതോടെ ഇവിടെനിന്നുള്ള അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം കൂടും. ഒക്ടോബർ മുതലാണ് ഒമാൻ എയർ മസ്കറ്റിലേക്ക്‌ പ്രതിദിന സർവീസ് തുടങ്ങുന്നത്. അടുത്ത ജനുവരി മുതൽ അബുദാബിയിലേക്ക്‌ എത്തിഹാദ് ആഴ്ചയിൽ അഞ്ച് സർവീസ് നടത്തും.

ഇതിലൂടെ നേരത്തേ തിരുവനന്തപുരത്തുനിന്നുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കുകയാണ് എത്തിഹാദ്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാലു ദിവസം ദോഹ-തിരുവനന്തപുരം സർവീസും തുടങ്ങും. യൂറോപ്പിലേക്കു നേരിട്ട് സർവീസ് ആരംഭിക്കുന്നതിന് എയർ ഇന്ത്യയുമായും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇന്തോനേഷ്യയുടെ ബാട്ടിക് എയർ ഭാവിയിൽ തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കാനുള്ള ആലോചനയിലാണ്.

മലേഷ്യൻ എയർവേയ്‌സ് ക്വലാലംപുരിലേക്കുളള ബുക്കിങ് തുടങ്ങി. നവംബർ മുതൽ ക്വലാലംപുരിലേക്ക്‌ സർവീസ് നടത്തും. എയർ ഏഷ്യയുമായുള്ള ലയനശേഷം എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം വിമാനത്താവളം അവരുടെ ഹബ്ബാക്കി മാറ്റുമെന്നാണ് സൂചന. ഇവിടെനിന്ന് െബംഗളൂരുവിലേക്ക്‌ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിക്കും. മൂന്നു മാസത്തിനുള്ളിൽ സർവീസ് തുടങ്ങുമെന്നാണ് സൂചന.

വിസ്താര, ആകാശ എയർവേയ്‌സുകളും െബംഗളൂരുവിലേക്ക്‌ സർവീസ് തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്കും കുറയും. നിലവിൽ ഇൻഡിഗോ മാത്രമാണ് പ്രതിദിന െബംഗളൂരു സർവീസ് നടത്തുന്നത്. സ്പൈസ് ജെറ്റ് ആഴ്ചയിൽ ഒരു സർവീസ് നടത്തുന്നുണ്ട്.

ന്യൂഡൽഹി, മുംബൈ റൂട്ടുകളിലേക്ക്‌ കൂടുതൽ പ്രതിദിന സർവീസുകൾ നടത്തുന്നതിനാൽ ടിക്കറ്റ് നിരക്കും കുറയുന്നുണ്ട്. കൊളംബോയിലേക്ക്‌ ആഴ്ചയിൽ ആറ്‌ സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർവേയ്‌സ് ഉടൻതന്നെ പുതിയൊരു സർവീസ് തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ടേക്ക്‌ സർവീസ് നടത്താൻ ഇൻഡിഗോയുമായും വിമാനത്താവള അധികൃതർ ചർച്ച തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് വിസ്താര എയർലൈൻസിന്റെ പ്രതിദിന വിമാന സർവീസ് ശനിയാഴ്ച തുടങ്ങും. മുംബൈയിലേക്ക്‌ വിസ്താരയുടെ രണ്ടാമത്തെ സർവീസാണിത്. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം ഏഴാകും.

രാവിലെ 8.30-ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന വിമാനം 10.45-ന് മുംബൈയിൽ എത്തും. തിരികെ രാത്രി 8.25-ന് പുറപ്പെട്ട് 11-ന് തിരുവനന്തപുരത്ത് എത്തും. ശംഖുംമുഖത്തെ െഡാമെസ്റ്റിക് ടെർമിനലിൽനിന്നാണ് സർവീസ്. രാജ്യത്തിനകത്തുള്ള നഗരങ്ങളിലേക്കും യൂറോപ്പ്, യുഎസ്, ഗൾഫ് ഉൾപ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും തിരിച്ചും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.