സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ കോവിഡ്-19 വേരിയന്റായ ഇജി.5 ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആശങ്കപ്പെടാനില്ലെന്നും ആദ്യ കേസ് രേഖപ്പെടുത്തിയതു മുതല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
പരിമിതമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരെയും ചികില്‍സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വിശദീകരിച്ചു.
ഖത്തറിലെ ആരോഗ്യസ്ഥിതി ഭദ്രമാണെന്നും പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പുതിയ കൊറോണ വൈറസ് വേരിയന്റ് ആദ്യമായി ഖത്തറില്‍ സ്ഥിരീകരിച്ചത് സംബന്ധിച്ച ആദ്യത്തെ പൊതു പ്രഖ്യാപനമായിരുന്നു ഇത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ മാസം ആദ്യമാണ് ഇജി.5 നെ പുതിയ കൊവിഡ് വകഭേദമായി പ്രഖ്യാപിക്കുന്നത്.
ലോകത്തിന്റെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വര്‍ധിച്ചതിനാല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ രാജ്യങ്ങളോ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അഭിപ്രായത്തില്‍ ഫെബ്രുവരിയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റിന്റെ മറ്റൊരു പതിപ്പാണ് ഇജി.5.
ചൈന, യുഎസ്, കൊറിയ, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, യുകെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ഇജി.5 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അമ്പതിലധികം രാജ്യങ്ങളില്‍ രോഗബാധ കണ്ടെത്തി.
ഖത്തറില്‍ 686 കൊവിഡ്-19 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്താകമാനം 70 ക്ഷം പേര്‍ക്ക് 2019 അവസാനത്തോടെ പൊട്ടിപ്പുറപ്പെട്ട മഹാമാരിയില്‍ ജീവന്‍ നഷ്ടമായെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2020ന്റെ ഭൂരിഭാഗവും വന്‍തോതില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കൊവിഡ്-19 കാരണമായിരുന്നു. കേസുകള്‍ കുറഞ്ഞതോടെയാണ് ലോകമെമ്പാടുമുള്ള നിയന്ത്രണങ്ങള്‍ നീക്കിയത്.
കൊവിഡ് വകഭേദം കണ്ടെത്തിയതിനാല്‍ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും മറ്റ് ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളിലും ജോലിചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അണുബാധ പിടിപെടാന്‍ സാധ്യതയുള്ളവരെല്ലാം മാസ്‌ക് ധരിക്കണം. തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മാസ്‌ക് ധരിക്കുകയും കൈകള്‍ വൃത്തിയാക്കുകയും വേണം. ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ളവര്‍, വിറയല്‍, ക്ഷീണം, ശരീര വേദനയും, നെഞ്ചു വേദനയോടു കൂടിയ ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണം.
നിശ്ചിത സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കൊവിഡ്-19 നിയന്ത്രണങ്ങളും കഴിഞ്ഞ ജൂണില്‍ ഖത്തര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. കൊവിഡ്-19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കില്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിക്കുകയുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല