സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ സമരപ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കി ഈ മാസം മുതല്‍ സംഘടിതമായി സമരത്തിന് ഇറങ്ങാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെയും, കണ്‍സള്‍ട്ടന്റുമാരുടെയും തീരുമാനം. ഓട്ടം സീസണില്‍ 4 ദിവസം സംയുക്ത പണിമുടക്കിന് ഇറങ്ങുമെന്നാണ് ഇരു കൂട്ടരും വ്യക്തമാക്കിയത്.
സെപ്റ്റംബറിലും, ഒക്ടോബറിലും ഇംഗ്ലണ്ടില്‍ വ്യത്യസ്ത ദിനങ്ങളിലായി സംഘടിത സമരങ്ങള്‍ നടത്തുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്. എന്‍എച്ച്എസ് ശമ്പളവിഷയത്തില്‍ മന്ത്രിമാരുമായി തര്‍ക്കം തുടരുന്ന യൂണിയന്‍ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് ചരിത്രത്തില്‍ ആദ്യമായാണ് സംയുക്ത സമരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
തങ്ങളുടെ അംഗങ്ങള്‍ക്ക് പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന തോതില്‍ ശമ്പളവര്‍ദ്ധന നല്‍കണമെന്നാണ് ബിഎംഎയുടെ ആവശ്യം. മാര്‍ച്ച് മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ 19 ദിവസത്തെ സമരങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. കണ്‍സള്‍ട്ടന്റുമാര്‍ 4 വ്യത്യസ്ത ദിനങ്ങളിലും പണിമുടക്കി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ നാല് ദിവസത്തെ സമരങ്ങളില്‍ ക്രിസ്മസ് ദിന സേവനം മാത്രമാണ് രോഗികള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുക.
ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്റുമാര്‍ സെപ്റ്റംബര്‍ 19, 20 തീയതികളിലും, ജൂനിയര്‍ ഡോക്ടര്‍മാര്‍ സെപ്റ്റംബര്‍ 20, 21, 22 തീയതികളിലും സമരം തുടരും. ഒക്ടോബര്‍ 2, 3, 4 തീയതികളില്‍ കണ്‍സള്‍ട്ടന്റുമാരും, ജൂനിയര്‍ ഡോക്ടര്‍മാരും ഒരുമിച്ച് സമരമുഖത്ത് എത്തും. ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത ആറ് മാസത്തേക്ക് കൂടി സമരം ചെയ്യാനുള്ള വോട്ട് നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനങ്ങള്‍.
ഇത് പ്രധാനമന്ത്രി സുനാകിനുള്ള മുന്നറിയിപ്പാണെന്ന് ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ എവിടെയും പോകുന്നില്ല. സമരം തുടരാന്‍ സന്നദ്ധരാണ്. പ്രധാനമന്ത്രിക്ക് നല്ലൊരു ഓഫര്‍ മുന്നോട്ട് വെച്ച് ഇത് അവസാനിപ്പിക്കാം. സുനാകിന് എവിടെയും ഒളിച്ചിരിക്കാന്‍ കഴിയില്ല’, നേതാക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല