1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2023

സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ഇൗ മാസം 3 ന് ആരംഭിക്കും. വിദ്യാർഥികളെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ വിദ്യാലയങ്ങള്‍ പൂർത്തിയാക്കിയതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ വിവിധ സ്‌കൂളുകളും വേനലവധി കഴിഞ്ഞു 3ന് തുറക്കുകയാണ്. സ്‌കൂളുകൾ സജീവമാകുന്നതോടെ ബഹ്‌റൈനിലെ പ്രധാന റോഡുകളിൽ അടക്കം ഗാതാഗതകുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.

ഇത്തവണ സ്വദേശി സ്‌കൂളുകളിൽ 2017 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ ജനിച്ച കുട്ടികളെ ഈ വർഷം ഒന്നാം ക്ലാസിൽ ചേർക്കാൻ അനുവദിക്കുന്നതിനാൽ സ്‌കൂളിൽ പോകുന്ന വിദ്യാർഥികളുടെ എണ്ണവും വർധിക്കും. ഈ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി 5,000 കുട്ടികൾ എങ്കിലും അധികമായി സ്‌കൂളിൽ പ്രവേശനം നേടാനാണ് സാധ്യത എന്ന് വിദ്യാഭ്യാസമന്ത്രിപറഞ്ഞു.

ഈ വർഷം 1,50,000 വിദ്യാർഥികളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ 209 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 1,55,000 ആണെന്നും 80 സ്വകാര്യ സ്കൂളുകളിലുള്ളവരുടെ എണ്ണം 90,000 ലധികമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഒഴിവു സമയം അധികരിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സ്കൂൾ സമയക്രമവും പ്രഖ്യാപിച്ചു, പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾ ഉച്ചയ്ക്ക് 12. 30 നും മിഡിൽ സ്കൂൾ 1.15 നും ഹൈസ്കൂൾ 1.45 നും സ്കൂളിൽ നിന്നും പുറപ്പെടുന്ന രീതിയിലാണ് സമയ ക്രമീകരണം. ഈ സമയക്രമ പ്രകാരം വിദ്യാർഥികൾ ഉച്ചകഴിഞ്ഞ് 3 ന് എങ്കിലും വീട്ടിലെത്തുമെന്നാണ് കണക്കാക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ജുമാ പറഞ്ഞു.

രാവിലെ ഓഫിസിൽ പോകുന്നവരുടെ തിരക്കിനൊപ്പം ഇനി സ്‌കൂൾ വാഹനങ്ങളുടെയും തിരക്ക് കൂടി ആകുമ്പോൾ പലയിടത്തും ഗതാഗതകുരുക്ക് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. ഇന്ത്യൻ സമൂഹത്തിന്റെ പല സ്‌കൂളുകൾക്കും സ്‌കൂൾ ബസുകളോ അല്ലെങ്കിൽ ട്രാൻസ്‌പോർട്ട് കമ്പനികളിൽ നിന്ന് വാടകയ്ക്ക് എടുക്കുന്ന ബസുകളോ ഉണ്ടെങ്കിലും വലിയൊരു ശതമാനം രക്ഷിതാക്കളും സ്വന്തം വാഹനത്തിൽ കുട്ടികളെ കൊണ്ടുപോകുന്നവരാണ്.

കൂടാതെ ചില പ്രദേശങ്ങളിൽ ഉള്ള രക്ഷിതാക്കൾ മാത്രം വാടക വാഹനങ്ങൾ ഏർപ്പാടാക്കിയും കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നുണ്ട്. ഇതൊക്കെ ഗതാഗത കുരുക്കിന് ഇടയാക്കും. ബഹ്‌റൈനിലെ പല പ്രധാന ഹൈവെകളിലും റോഡ് വീതി കൂട്ടുന്ന പ്രവർത്തികളും അണ്ടർ ബ്രിഡ്‌ജ്‌ പ്രവർത്തികളും നടന്നുകൊണ്ടിരിക്കുന്നതും ഗതാഗത കുരുക്കിന് കാരണമാകും. റോഡിലെ തിരക്ക് കണക്കാക്കി പതിവിലും നേരത്തെ തന്നെ ഓഫിസുകളിലേക്ക് പോകുന്നതാണ് ഉചിതം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.