സ്വന്തം ലേഖകൻ: ജി-20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനം തയ്യാറെടുപ്പിൽ. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങി. വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ ഉച്ചകോടിക്ക് മാത്രമായി നഗരം വഴിമാറുമ്പോൾ വിദ്യാലയങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും.
ദിവസങ്ങൾക്ക് മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലായി ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള നേതാക്കൾ രണ്ടുദിവസം തങ്ങുന്ന ഡൽഹി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. 1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പേർ ഡൽഹി പോലീസിൽനിന്നാണ്. മുഖ്യവേദിയായ പ്രഗതിമൈതാനിലാണ് സുരക്ഷാ കൺട്രോൾ റൂമുകൾ.
യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന മൗര്യ ഹോട്ടലിലും പരിസരത്തും സുരക്ഷ വർധിപ്പിച്ചു. അതിഥികളുടെ സുരക്ഷയ്ക്ക് 45,000 സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഹോട്ടലുകൾക്ക് മുകളിൽ ഹെലികോപ്റ്റർ ഇറക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകാശസുരക്ഷ ഉറപ്പിക്കാൻ വ്യോമസേന മുൻനിര ഫൈറ്റർ ജെറ്റുകൾ, റഡാറുകൾ, ആന്റി ഡ്രോൺ സംവിധാനം, ഭൂതല-ആകാശ മിസൈലുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
നേതാക്കളെ സുരക്ഷിതമായി പ്രധാനവേദികളിൽ എത്തിക്കാൻ 20 ബുള്ളറ്റ് പ്രൂഫ് കാറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ 50 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സമീപസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അതിഥികളെ വരവേൽക്കാൻ ഉപയോഗപ്പെടുത്തും.
സെപ്‌റ്റംബർ എട്ടുമുതൽ 11 വരെ ഡൽഹിയുമായി ബന്ധപ്പെട്ട തീവണ്ടിസർവീസുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. 300 ട്രെയിനുകളെ ബാധിക്കും. 200 ട്രെയിനുകൾ റദ്ദാക്കി. ചിലത് വഴിതിരിച്ചുവിടും. പ്രധാനവേദിക്കും വിശിഷ്ടാതിഥികൾ താമസിക്കുന്ന ഹോട്ടലുകൾക്കും സമീപമുള്ള പാതകളിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുന്നത്. ഡൽഹി-ഹരിയാണ യാത്രക്കാരെയായിരിക്കും നിയന്ത്രണം കൂടുതൽ ബാധിക്കുക. നഗരത്തിൽ റോഡ് ഗതാഗതം മുടങ്ങും.
സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ ഡൽഹിയിലെ വിവിധമെട്രോ സ്റ്റേഷനുകൾ അടച്ചിടും. സുരക്ഷയുടെ ഭാഗമായാണ് സ്റ്റേഷനുകൾ അടച്ചിടുന്നത്. യാത്രക്കാർക്ക് സ്റ്റേഷനുകളിൽ കൂടി അകത്ത് പ്രവേശിക്കാനോ പുറത്തു കടക്കാനോ സാധിക്കില്ലെന്ന് കുറിപ്പിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല