സ്വന്തം ലേഖകൻ: യാത്രാദൂരം കുറയ്ക്കാന്‍ ഭൂരിഭാഗമാളുകളും കുറുക്കുവഴികള്‍ കണ്ടെത്താറുണ്ട്. അതില്‍ അസ്വഭാവികതയൊന്നുമില്ല. പക്ഷേ ചൈനയില്‍ ജോലിസ്ഥലത്തേക്ക് കുറുക്കുവഴി കണ്ടുപിടിച്ച രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിലാണ്. അത് എങ്ങനെയൊരു കുറ്റമാകും എന്നാകും പലരും ചിന്തിക്കുന്നത്. ലോകാദ്ഭുതങ്ങളിലൊന്നായ ചൈനയുടെ വന്‍മതില്‍ എസ്‌കവേറ്ററുപയോഗിച്ച് പൊളിച്ചാണ് കക്ഷികള്‍ കുറുക്കിവഴി കണ്ടെത്തിയത്.
മധ്യ ഷാങ്‌സി പ്രവിശ്യയിലെ നിര്‍മാണത്തൊഴിലാളികളായ 55 വയസ്സുള്ള ഒരു സ്ത്രീയും 38 വയസ്സുകാരനായ പുരുഷനുമാണ് അറസ്റ്റിലായത്. വന്മതിലിലുണ്ടായിരുന്ന ചെറിയ വിടവ് എക്‌സകവേറ്റര്‍ കൊണ്ട് തുരന്നാണ് വഴിയുണ്ടാക്കിയത്. സമീപത്തുള്ള ജോലിസ്ഥലത്തേക്ക് പെട്ടെന്നെത്തുകയായിരുന്നു ഉദ്ദേശ്യം.
പരിഹരിക്കാനാകാത്ത തകരാറാണ് മതിലിനു സംഭവിച്ചത്. മതിലിന്റെ സാംസ്‌കാരികപൈതൃകത്തിന് തൊഴിലാളികളുടെ പ്രവൃത്തി നാശമുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. രാജ്യത്തിന്റെ പൈതൃകസ്വത്ത് നശിപ്പിച്ചെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
1987-ലാണ് യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ വന്‍മതില്‍ ഇടംനേടിയത്. മിങ് രാജവംശത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട മതിലിന്റെ നന്നായി സംരക്ഷിക്കപ്പെട്ട ഭാഗത്താണ് വിടവുണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല