സ്വന്തം ലേഖകൻ: സിക്ക്നെസ്, ഡിസെബിലിറ്റി ബെനഫിറ്റുകള്‍ വാങ്ങി വീട്ടിലിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോട് തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ . വെല്‍ഫെയര്‍ ബജറ്റില്‍ നിന്നും 26 ബില്ല്യണ്‍ പൗണ്ട് വെട്ടിച്ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്ട്രൈഡ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി ചെയ്യാന്‍ ശേഷിയില്ലെന്ന പേരില്‍ ഏകദേശം 2.5 മില്ല്യണ്‍ ജനങ്ങളാണ് ബെനഫിറ്റുകളില്‍ കഴിഞ്ഞുകൂടുന്നത്.
ചലന പ്രശ്നങ്ങളും, ആകാംക്ഷ പ്രശ്നങ്ങളും ഉള്‍പ്പെടെ ഉള്ളതിന്റെ പേരില്‍ ജോലി ചെയ്യാതെ ഇരിക്കുന്നവര്‍ തൊഴില്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ആയിരക്കണക്കിന് പൗണ്ട് ലാഭിക്കാമെന്ന് മന്ത്രിമാര്‍ വിശ്വസിക്കുന്നു. ഇതുവഴി ലേബര്‍ വിപണിയിലെ ക്ഷാമം കുറയ്ക്കാനും, സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകാനും സാധിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
സിക്ക്നെസ് ബെനഫിറ്റ് കൈപ്പറ്റുന്ന അര മില്ല്യണോളം ജനങ്ങള്‍ ജോലി ആഗ്രഹിക്കുന്നുണ്ടെന്ന് ഔദ്യോഗിക സര്‍വ്വെ വ്യക്തമാക്കി. ഇവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. ജോലി ചെയ്യാന്‍ ശേഷിയുണ്ടായിട്ടും ഇതിന് സഹകരിക്കാത്തവരുടെ ബെനഫിറ്റ് പിടിച്ചുവെയ്ക്കാനും ഗവണ്മെന്റ് തയ്യാറാകും. രോഗത്തിന്റെ പേരുപറഞ്ഞ് തൊഴില്‍ വിപണിയില്‍ നിന്നും ലക്ഷങ്ങളാണ് അകന്നുനില്ക്കുന്നത്. ബെനഫിറ്റുകള്‍ കരസ്ഥമാക്കി ഇവര്‍ സസുഖം വീട്ടിലിരിക്കുന്നത് സര്‍ക്കാരിനും, സമ്പദ് വ്യവസ്ഥയ്ക്കും ദോഷമായി മാറുകയാണ്.
സാരമായ രോഗങ്ങളും, മറ്റ് പ്രശ്നങ്ങളും നേരിടുന്നവര്‍ക്ക് പുതിയ പദ്ധതി പ്രശ്നമായി മാറില്ലെന്ന് സ്ട്രൈഡ് വ്യക്തമാക്കി. ജോലിയിലേക്ക് മടങ്ങിവരുന്നത് ആളുകള്‍ക്ക് സാമ്പത്തിക സുരക്ഷയും, അവരുടെ കുടുംബങ്ങള്‍ക്ക് ശക്തിയും നല്‍കുമെന്ന് പ്രധാനമന്ത്രി സുനാകും പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല