സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സ്റ്റേഷനറി ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും വിൽക്കുന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയായ വിൽകോയുടെ 52 ഷോറൂമുകൾ അടുത്തയാഴ്ച പൂട്ടും. പ്രതിസന്ധിയിലായ വിൽകോയെ രക്ഷിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇന്റർനാഷനൽ തന്നെയാണ് ഈ തീരുമാനം അറിയിച്ചത്.
24 ഷോപ്പുകൾ അടുത്ത ചൊവ്വാഴ്ചയും 28 ഷോപ്പുകൾ സെപ്റ്റംബർ 14നും അടയ്ക്കും. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന 1200 പേർക്ക് തൊഴിൽ നഷ്ടമാകും. ഈ ഷോപ്പുകൾ വാങ്ങാൻ ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവ അടച്ചുപൂട്ടേണ്ടി വരുന്നതെന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇന്റർനാഷനൽ വ്യക്തമാക്കി.
വിൽകോയുടെ 51 ഷോപ്പുകൾ ഏറ്റെടുക്കാൻ ബി ആൻഡ് എം കമ്പനി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ മറ്റുള്ള മുന്നൂറോളം ഷോപ്പുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വരും ദിവസങ്ങളിൽ ഇവയുടെ കാര്യത്തിൽ പുരോഗതിയുണ്ടായില്ലെങ്കിൽ കൂടുതൽ ഷോപ്പുകൾക്ക് പൂട്ടുവീഴും.
ഇവ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള കമ്പനികളുമായി അഡ്മിനിസ്ട്രേറ്റേഴ്സ് ചർച്ചകൾ തുടരുകയാണ്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലാണ് വിൽക്കോയുടെ തകർച്ചയ്ക്ക് തുടക്കമായത്. രാജ്യമെങ്ങും ഹൈസ്ട്രീറ്റുകളിൽ നാനൂറിലേറെ ഷോപ്പുകളാണ് കമ്പനിക്ക് ആകെയുള്ളത്. 12,500 ജീവനക്കാരും.
1930ൽ ആരംഭിച്ച കമ്പനി 1990ൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനിയായിരുന്നു. പിന്നീട് ബി ആൻഡ് എം, പൗണ്ട് ലാൻഡ്, ഹോം ബാർഗെയിൻ എന്നിവയുടെയും ഓൺലൈൻ വിപണിയുടെയും വളർച്ചയിൽ കമ്പനി കടുത്ത മൽസരം നേരിട്ടതോടെയാണ് തകർച്ചയ്ക്ക് തുടക്കമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല