1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2023

സ്വന്തം ലേഖകൻ: എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധർ. ഇവ അനാരോഗ്യത്തിന് കാരണമാകുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) മുന്നറിയിപ്പ്. എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. എനർജി ഡ്രിങ്കുകളുടെ 5 പ്രധാന ദൂഷ്യവശങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണ ക്യാംപെയ്‌നിൽ അധികൃതർ വിശദമാക്കിയിട്ടുണ്ട്.

എനർജി ഡ്രിങ്കുകൾ കുട്ടികളിലും കൗമാരക്കാരിലും ഹൃദ്രോഗസാധ്യത വർധിപ്പിക്കും. നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ അലോസരപ്പെടുത്തുന്നതിലൂടെ സ്ട്രെസ്, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയ്ക്കിടയാക്കും. കൂടാതെ അമിത വണ്ണം, ഇൻസുലിൻ പ്രതിരോധം എന്നിവയ്ക്കും കാരണമാകും. പാനീയങ്ങളിൽ ആസിഡ് അംശം കൂടുതലുള്ളതിനാൽ പല്ലുകൾക്ക് ഗുരുതര കേടുപാടുകളുണ്ടാക്കും. ഏകാഗ്രതയില്ലായ്മക്കും ഓർമക്കുറവിനും ഇത് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി, ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് 2019 മുതൽ ധനകാര്യ മന്ത്രാലയം സെലക്ടീവ് ടാക്‌സ് ചുമത്തുന്നുണ്ട്. പുകയില ഉൽപന്നങ്ങൾ, എനർജി ഡ്രിങ്കുകൾ എന്നിവയ്ക്ക് 100 ശതമാനവും മധുരപാനീയങ്ങൾക്ക് 50 ശതമാനവുമാണ് നികുതി. ആരോഗ്യത്തിന് ഹാനികരമാണെന്ന സ്റ്റിക്കർ പതിക്കാത്ത എനർജി ഡ്രിങ്കുകളുടെ വിൽപനയും 2016 മുതൽ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. വെളള പശ്ചാത്തലത്തിൽ ഇംഗ്ലിഷിലും അറബിക്കിലും മുന്നറിയിപ്പ് സന്ദേശം കൃത്യമായി പതിക്കണമെന്നാണ് വ്യവസ്ഥ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.