1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2023

സ്വന്തം ലേഖകൻ: ഖത്തറിൽ താമസ വീസയുള്ളവർക്ക് യുഎഇയിലേക്ക് ഇനി വീസ ആവശ്യമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്‌പോർട്ടോ ഐഡികാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാമെന്നും, വീസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ലോകത്തെ 82 രാജ്യങ്ങളിലുള്ളവർക്ക് യുഎഇയിൽ ഓൺ അറൈവൽ വീസ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അൽബേനിയ, അൻഡോറ, അർജന്റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസർബൈജാൻ, ബഹ്റൈൻ, ജപ്പാൻ, ഇറ്റലി, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യുഎസ്, ഉക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ ഉൾപ്പടെ 82രാജ്യങ്ങൾക്കാണ് ഓൺ അറൈവൽ വീസ അനുവദിക്കുന്നത്.

ഇവർക്ക് 30 ദിവസത്തെ പ്രവേശന വീസയോ അല്ലെങ്കിൽ 90 ദിവസത്തെ അറൈവൽ വീസയോ ആണ് ലഭിക്കുക. 30 ദിവസത്തെ പ്രവേശന വീസ 10 ദിവസത്തേക്ക് നീട്ടാനും സാധിക്കുന്നതാണ്. അതേസമയം, ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് യുഎഇയിൽ പ്രവേശിച്ചാൽ 14 ദിവസത്തെ എൻട്രി വീസയും ലഭിക്കും. കൂടാതെ, 14 ദിവസത്തേക്ക് കൂടി വീസ നീട്ടാനും അപേക്ഷിക്കാവുന്നതാണ്‌. യാത്രക്കാരുടെ പാസ്‌പോർട്ട് എത്തിച്ചേരുന്ന തീയതി മുതൽ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ളതായിരിക്കണം.

അതേസമയം, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 115 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിന് വീസ ആവശ്യമാണ്. യുഎഇ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർ രാജ്യത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വീസ അപ്‌ഡേറ്റുകൾ പരിശോധിക്കാണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വീസ വിവരങ്ങൾ ലഭിക്കുന്നതിനായി എയർലൈനുകളെ ബന്ധപ്പെടാവുന്നതുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.