1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2023

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പേര്, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള അനുമതി പെര്‍മിറ്റ് അനുവദിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ ഇത്തരം വിവരങ്ങളില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്ന തൊഴിലുടമയ്ക്ക് ഇ-ഗവേണന്‍സ് സേവനമായ സഹേല്‍ ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷ നല്‍കണം.

ഇതിനു ശേഷം ഒരു വിധത്തിലുമുള്ള മാറ്റവും അനുവദിക്കില്ല. അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ തൊഴിലാളികളുടെ ഡാറ്റാബേസ് ഭേദഗതി ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കണമെന്ന് അതോറിറ്റി ഓഫ് മാന്‍പവര്‍ വിശദീകരിച്ചു.

കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും തൊഴില്‍ മന്ത്രാലയവും ഏകോപിപ്പിച്ചാണ് പുതിയ നിയമം ആവിഷ്‌കരിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. റിക്രൂട്ട്‌മെന്റ് നിരോധിച്ച രാജ്യങ്ങളില്‍ നിന്ന് രേഖകള്‍ തിരുത്തി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്നും അധികൃതര്‍ വിശദീകരിച്ചു.

അനധികൃത താമസക്കാര്‍ക്കെതിരായ നടപടികള്‍ കുവൈത്ത് അടുത്തിടെ കര്‍ശനമാക്കിയിരുന്നു. മതിയായ രേഖകളില്ലാത്തവര്‍ക്ക് ജോലിയോ താമസസൗകര്യമോ നല്‍കുന്ന പ്രവാസിയെ നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമവിരുദ്ധമായി ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്വദേശികള്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും നിയമവിരുദ്ധമായി ജോലിചെയ്യുന്ന വിവരം അറിഞ്ഞിട്ടും അധികാരികളെ അറിയിക്കാതെ രഹസ്യമാക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാവും.

രാജ്യത്ത് 150,000 വിദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ 3.4 ദശലക്ഷം വിദേശികളാണ്. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും വിദേശ തൊഴിലാളികള്‍ക്ക് പകരം പൗരന്മാരെ നിയമിക്കാനും ലക്ഷ്യമിട്ട് സ്വദേശിവല്‍ക്കരണ നയങ്ങള്‍ ശക്തമാക്കാനും കുവൈത്ത് നീക്കംതുടങ്ങിയിട്ടുണ്ട്.

കൊവിഡ്-19 നു ശേഷമുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുവൈത്തിനെ ദോഷകരമായി ബാധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉയര്‍ന്നതോടെ വിദേശികളുടെ തൊഴില്‍ തടയുന്നതിനുള്ള ആഹ്വാനങ്ങളും കുവൈത്തില്‍ വര്‍ധിച്ചുവരികയാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളെച്ചൊല്ലി പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. മൂന്ന് മാസത്തിനിടെ രണ്ട് ധനമന്ത്രിമാര്‍ രാജിവച്ചയ്ക്കുകയും മന്ത്രിസഭയില്‍ അടിക്കടി മാറ്റമുണ്ടാവുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.