സ്വന്തം ലേഖകൻ: രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി പ്രവാസി ഇന്ത്യക്കാർ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ച മികച്ച നിരക്ക്. വിനിമയ നിരക്കിലൂടെ ലഭിച്ച അധിക തുക ഉപയോഗിച്ച് നാട്ടിലെ വിലവർധന നേരിടാനാകുമെന്ന താൽക്കാലിക ആശ്വാസത്തിലാണ് പ്രവാസികൾ.
മികച്ച നിരക്കും ഗൾഫിൽ ശമ്പളം കിട്ടിയ സമയവും ഒന്നിച്ച് എത്തിയതിനാൽ നാട്ടിലേക്കു പണം അയക്കുന്നവരുടെ തിരക്കു വർധിച്ചു. ഏതാനും ദിവസമായി പണമിടപാടിൽ 20% വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കുന്നു. രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളുടെ വിനിമയത്തിലും പ്രതിഫലിച്ചത്.
എന്നാൽ ഈ മാസം 19–20 തിയതികളോടെ യുഎസ് പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാൽ മികച്ച നിരക്കിനായി കാത്തിരിക്കുന്ന പ്രവാസികളുമുണ്ട്. നിക്ഷേപം ആഗ്രഹിക്കുന്നവരും വായ്പ കുടിശിക തീർക്കാൻ ഉദ്ദേശിക്കുന്നവരുമാണ് കൂടുതൽ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുന്നത്.
യുഎഇ ദിർഹം 22.63, സൗദി റിയാൽ 22.16, ഖത്തർ റിയാൽ 22.83, ഒമാൻ റിയാൽ 216.14, ബഹ്റൈൻ ദിനാർ 220.51, കുവൈത്ത് ദിനാർ 269.49 രൂപ എന്നിങ്ങനെയായിരുന്നു ഇന്നലത്തെ മറ്റു ഗൾഫ് കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്ക്. ഈ നിരക്കിൽ നിന്ന് 10–60 പൈസ വരെ കുറച്ചാണ് വിവിധ എക്സ്ചേഞ്ചുകൾ ഇടപാടുകാർക്ക് നൽകുന്നത്. സർവീസ് ചാർജിനു പുറമേ ഓരോ എക്സ്ചേഞ്ചുകളുടെയും ലാഭ വിഹിതത്തിലെ ഏറ്റക്കുറച്ചിലും നിരക്കു വ്യത്യാസത്തിൽ പ്രകടം. ഉടൻ പണം ലഭിക്കുന്ന ഇൻസ്റ്റന്റ് മണി ട്രാൻസ്ഫറാണെങ്കിൽ വിനിമയ നിരക്കിൽ വീണ്ടും 10–15 പൈസ കൂടി കുറയ്ക്കും.
വിനിമയ നിരക്കിലെ ആകർഷണം മൂലം ഇന്ത്യയിലേക്ക് പണമൊഴുക്ക് വർധിച്ചു. ഒരു വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി 90 പൈസയുടെ വരെ വർധന പ്രവാസികൾക്ക് ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ 21.90 ആയിരുന്ന നിരക്ക് ഈ സെപ്റ്റംബറിൽ 22.60 വരെ എത്തിയിരുന്നു. ഇതനുസരിച്ച് 1000 ദിർഹം അയയ്ക്കുന്നയാൾക്ക് 700 രൂപ വരെ അധികം ലഭിച്ചു. വരും ആഴ്ചകളിലും രൂപയുടെ മൂല്യശോഷണം തുടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ നേട്ടമുണ്ടായേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല