സ്വന്തം ലേഖകൻ: ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന യുകെയിൽ, ശനിയാഴ്ച്ച ഈവർഷത്തെ ഏറ്റവും ഉയർന്ന താപനില ഇംഗ്ലണ്ടിലെ ലണ്ടനിൽ രേഖപ്പെടുത്തി. 32.7C (91F) താപനിലയാണ് ഹീത്രൂ എയർപോർട്ടിൽ രേഖപ്പെടുത്തിയത്. യുകെയിൽ ചൂട് 30 ഡിഗ്രി കവിയുന്നത് തുടർച്ചയായ ആറാം ദിവസമാണിത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം വിളിച്ചോതി, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചിലഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഞായറാഴ്ച്ച രാത്രിമുതൽ പ്രവചിക്കപ്പെടുന്നു.
വടക്കൻ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ചില ഭാഗങ്ങളിലും തെക്കൻ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിലും വടക്കൻ അയർലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 14:00 മുതൽ രാത്രി 23:59 വരെ ഇടിമിന്നലിനും മഴയ്ക്കുമുള്ള യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പും മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. അതിനിടെ അമിതതാപ ആഘാതത്താൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ വലിയതോതിൽ കൂടിയതായി എൻഎച്ച്എസ് അറിയിച്ചു.
ആരോഗ്യ സുരക്ഷയുടെ ആംബർ ഹീറ്റ് ഹെൽത്ത് മുന്നറിയിപ്പ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഞായറാഴ്ച 21:00 മണിവരെ ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും പ്രഖ്യാപിച്ചു. താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാൻ സാധ്യതയുള്ളതിനാൽ വയോധികരും ശ്വാസകോശ സംബന്ധമായ അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരും പ്രത്യേക ജാഗ്രതയും മുൻകരുതലുകളും പാലിക്കണമെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു.
അതേസമയം കോവിഡിന്റെ പുതിയ വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നതിനാൽ, ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് എൻഎച്ച്എസും മുന്നറിയിപ്പ് നൽകുന്നു. വാക്സിനുകൾ ഇനിയും എടുക്കാത്തവർ എത്രയുംവേഗം എടുക്കണം. ഓട്ടം കോവിഡ് വാക്സിനുകൾ, നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും ഒരുമാസം മുമ്പേയാക്കി; അടുത്തയാഴ്ച്ച മുതൽ നൽകുമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല