സ്വന്തം ലേഖകൻ: ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യന്‍ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധങ്ങളിലും അഭിമാനമുണ്ടെന്നും ഋഷി സുനക് പറഞ്ഞു. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതിനിടെ ഭാര്യ അക്ഷത മൂര്‍ത്തിയോടൊപ്പമാണ് സുനക് ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.
‘എന്റെ ഇന്ത്യന്‍ വേരുകളിലും ഇന്ത്യയിലെ ബന്ധങ്ങളിലും ഏറെ അഭിമാനമുണ്ട്. സ്വാഭിമാനമുള്ള ഒരു ഹിന്ദു എന്ന നിലയില്‍ ഇന്ത്യയുമായും ഇവിടുത്തെ ജനങ്ങളുമായും എന്നും ആത്മബന്ധമുണ്ടാകും’, ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം ഋഷി സുനക് വ്യക്തമാക്കിയതായി ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് എക്സില്‍ കുറിച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ഇരുവരും പ്രത്യേക പൂജകളും നിര്‍വഹിച്ചു.
സുനകിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സുനകും അക്ഷതയും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്കുള്ള സുനകിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഭഗവത് ഗീതയും ഹനുമാന് ചാലിസയും രുദ്രാക്ഷവും നല്‍കിയായിരുന്നു കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ സുനകിനെ സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല