സ്വന്തം ലേഖകൻ: ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഗവേഷകനെ ഒഫീഷ്യല്‍ സീക്രെറ്റ്സ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തു. മാര്‍ച്ചില്‍ ഇരുപതും മുപ്പതും വയസ്സുള്ള രണ്ടുപേര്‍ ഈ നിയമപ്രകാരം അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചു. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതില്‍ ഒരാള്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്ന ഒരു പാര്‍ലമെന്ററി ഗവേഷകനാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇയാള്‍ക്ക് നിരവധി കണ്‍സര്‍വേറ്റീവ് എംപിമാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വക്താവ് അറിയിച്ചു. യുകെയുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ചൈനയുടെ ഇടപെടലിനെക്കുറിച്ചുള്ള തന്റെ ആശങ്കയും പ്രധാനമന്ത്രി പങ്കുവച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.
അറസ്റ്റിലായ ഗവേഷകന് സുരക്ഷാ മന്ത്രി ടോം തുഗെന്ദാറ്റിനും വിദേശകാര്യ കമ്മിറ്റി ചെയര്‍വുമണ്‍ അലിസിയ കെയേഴ്സുമായും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അറസ്റ്റിലായ രണ്ട് പേരെയും സൗത്ത് ലണ്ടന്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം വരെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല