1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2023

സ്വന്തം ലേഖകൻ: കുവൈത്തിലെ ധമന്‍ ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനി പ്രവാസികള്‍ക്കുള്ള വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ക്രമാനുഗതമായ വര്‍ധനയാണ് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രീമിയം തുക നിലവിലുള്ള 130 ദിനാറില്‍ (ഏകദേശം 34,500 രൂപ) നിന്ന് 150 ദിനാറായി ഉയരും. തുടര്‍ന്ന് ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പ്രീമിയം ക്രമേണ വര്‍ധിക്കും.

പത്താം വര്‍ഷാവസാനത്തോടെ 190 ദിനാറിലെത്തും. ആരോഗ്യ സംരക്ഷണ ചെലവുകള്‍ വര്‍ധിച്ചതും പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചതുമാണ് തുക വര്‍ധിപ്പിക്കാന്‍ കാരണം. 10 വര്‍ഷത്തോളമായി പ്രീമിയം നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും പ്രീമിയം വര്‍ധിക്കേണ്ടത് അനിവാര്യമാണെന്ന് കമ്പനി പറയുന്നു. ചെലവ്ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും തുക ഉയര്‍ത്താതെ തരമില്ലെന്നും വാദിക്കുന്നു.

പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ആരോഗ്യ സേവനങ്ങള്‍ക്ക് ഫീസ് ഉയര്‍ത്താനുള്ള അവകാശവും കമ്പനിക്കുണ്ടെന്നും ഇതിന് ഔദ്യോഗിക അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത വര്‍ഷങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോകര്‍മാരുടെ പരിശോധനാ ഫീസ് 2.5 ദിനാറില്‍ നിന്ന് 3.5 ദിനാറായി ഉയരും. അടിയന്തര വൈദ്യസഹായത്തിനുള്ള ഫീസ് പത്താം വര്‍ഷത്തില്‍ നാല് ദിനാറില്‍ നിന്ന് അഞ്ച് ദിനാറായും വര്‍ധിക്കും.

പുതുക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം എക്‌സ്‌റേ, പരിശോധനകള്‍, ഒപി സന്ദര്‍ശനങ്ങള്‍, ശസ്ത്രക്രിയകള്‍, മരുന്നുകള്‍, ആശുപത്രി പ്രവേശനം, താമസം തുടങ്ങി എല്ലാ ചികിത്സാ ചെലവുകളും പ്രവാസികള്‍ വഹിക്കേണ്ടതുണ്ട്. ഫയല്‍നീക്കം, ആശുപത്രികളുടെ അംഗീകാരം തുടങ്ങിയ വിഷയങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള ചില നടപടികളും ധമന്‍ ഹെല്‍ത്ത് അഷ്വറന്‍സ് ഹോസ്പിറ്റല്‍സ് കമ്പനിയെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയതായും വിലയിരുത്തപ്പെടുന്നു.

പ്രവാസികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പേര്, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള അനുമതി വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു ശേഷം ഒരു വിധത്തിലുമുള്ള മാറ്റവും അനുവദിക്കില്ല. റിക്രൂട്ട്‌മെന്റ് നിരോധിച്ച രാജ്യങ്ങളില്‍ നിന്ന് രേഖകള്‍ തിരുത്തി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനാണ് ഈ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.