സ്വന്തം ലേഖകൻ: എൻഎച്ച്എസ് വനിതാ ഡോക്ടർമാർക്ക് സർജറി നടത്തുന്നതിടെ പോലും ലൈംഗിക പീഡനം; വിവാദമായി തുറന്നുപറച്ചിൽ. ചിലരൊക്കെ ബലാത്സംഗത്തിനും ഇരയായി. ജോലി സുരക്ഷയുടെ പേരിൽ പീഡനത്തിന് വഴങ്ങിക്കൊടുക്കുന്നവർ നിരവധി. പരാതിപ്പെട്ടാൽപ്പോലും എൻഎച്ച്എസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും വനിതാ ഡോക്ടർമാർ.
ശസ്ത്രക്രിയ നടക്കുന്നതിനിടെ ഓപ്പറേഷൻ തിയറ്ററിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുമായി മാധ്യമപ്രവർത്തകർ അഭിമുഖം നടത്തി. ഇപ്പോഴും എൻഎച്ച്എസ് ആശുപത്രികളിൽ ലൈംഗികാതിക്രമം തുടരുന്നുവെന്നും മുമ്പ് പീഡനത്തിന് വിധേയരായ നിലവിലെ സീനിയർ സർജൻമാർ പറയുന്നു.
മുതിർന്ന പുരുഷ ശസ്ത്രക്രിയാ വിദഗ്ധർ വനിതാ ട്രെയിനികളെ ദുരുപയോഗം ചെയ്യുന്നത് ഒരു പതിവുരീതി പോലുമായി പല എൻഎച്ച്എസ് സ്ഥാപനങ്ങളിലും കണക്കാക്കപ്പെടുന്നു. ഇത് ഇപ്പോഴും എൻഎച്ച്എസ് ആശുപത്രികളിൽ സംഭവിക്കുന്നു. ലൈംഗികാതിക്രമം, ജോലി സുരക്ഷ ഓഫർ ചെയ്‌തുള്ള പീഢനം, ബലാത്സംഗം എന്നിവ ശസ്ത്രക്രിയ വിഭാഗത്തിലെ പരസ്യമായ രഹസ്യമായി വിശേഷിപ്പിക്കപ്പെടുന്നു.
ഈ കണ്ടെത്തലുകൾ ശരിക്കും ഞെട്ടിക്കുന്നതാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പറഞ്ഞു. എക്സെറ്റർ സർവകലാശാല, സറേ സർവകലാശാല, ശസ്ത്രക്രിയയിലെ ലൈംഗിക പീഡനത്തെ അന്വേഷിക്കുന്ന വർക്കിംഗ് പാർട്ടി എന്നിവയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സ്‌ക്രബ്ബുകൾക്കുള്ളിൽ വനിതാ സർജൻമാരെ തപ്പുകയും തലോടുകയും ചെയ്യും. ശസ്ത്രക്രിയക്കിടെ പുരുഷ ശസ്‌ത്രക്രിയാ വിദഗ്ധരുടെ നെറ്റിയിലെ വിയർപ്പ് വനിതാ സർജന്മാരുടെ മാറിടത്തിൽ തുടയ്‌ക്കുന്നതിന്റെയും വെളിപ്പെടുത്തലുകൾ പലരും നടത്തി. ചില പുരുഷ ഡോക്ടർമാർ സ്‌ത്രീ ട്രെയിനികളുടെ മേൽ സ്ഖലനം വരെ നടത്തിയതായും പറയുന്നു. ചിലർക്ക് ലൈംഗികതയ്ക്ക് പകരം തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ചിലരുമായി സൗഹൃദം സ്ഥാപിക്കുന്ന സീനിയർമാർ അത് മുതലെടുത്ത് അവരുടെ താമസസ്ഥലങ്ങളിൽ വരെപോയി പീഢനവും ബലാത്സംഗവും വരെ നടത്തുന്നു. ഗവേഷകരോട് പ്രതികരിച്ച വനിതാ ശസ്ത്രക്രിയാ വിദഗ്ധരിൽ മൂന്നിൽ രണ്ട് പേരും തങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മൂന്നിലൊന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഹപ്രവർത്തകരാൽ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറഞ്ഞു.
സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തങ്ങളുടെ കരിയറിനെ നശിപ്പിക്കുമെന്നും എൻഎച്ച്എസ് നടപടിയെടുക്കുമെന്ന് വിശ്വാസമില്ലെന്നും വനിതാ സർജൻമാർ പറയുന്നു. പല സഹപ്രവർത്തകരും അത് കണ്ടിട്ടും അതൊരു സാധാരണ സംഭവമെന്ന മട്ടിൽ നിശ്ശബ്‌ദത പാലിക്കുന്നു. പ്രത്യേകിച്ച് സീനിയർമാർ പരാതിപ്പെടുന്നവരെ കുറ്റപ്പെടുത്തുകയാണ് പതിവ്.
പഠനവുമായി സഹകരിച്ച സർജന്മാരുടെ അനുഭവങ്ങൾ ഞെട്ടിക്കുന്നതാണ്. 63% സ്ത്രീകളും സഹപ്രവർത്തകരിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. 30% സ്ത്രീകളും ഒരു സഹപ്രവർത്തകനെങ്കിലും ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തി. 11% സ്ത്രീകൾ തൊഴിൽ അവസരങ്ങളുടെ പേരിൽ നിർബന്ധിത ശാരീരിക ബന്ധത്തിന് ഇരയായതായി വെളിപ്പെടുത്തി.
11 ബലാത്സംഗ സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എൻഎച്ച്എസ് സർജന്മാരിലെ 90% സ്ത്രീകളും 81% പുരുഷന്മാരും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഢനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല