1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2023

സ്വന്തം ലേഖകൻ: കോഴിക്കോട്ട് നിപ വന്നപ്പോൾ നടത്തിയ പരിശോധനകളിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും അതെങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോഴും അവ്യക്തമാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറവിടം കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

2018-ൽ പേരാമ്പ്രയിൽ ആദ്യം രോഗം വന്നശേഷം പലപ്പോഴായി പഴംതീനി വവ്വാലുകളെ പിടികൂടുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 55 സാംപിൾ പരിശോധിച്ചതിൽ 42 എണ്ണം പഴംതീനി വവ്വാലുകളുടേതായിരുന്നു. അതിൽ 10 വലിയ വവ്വാലുകളിലാണ് നിപ വൈറസ് ഉണ്ടായിരുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അന്ന് ആദ്യം രോഗംവന്ന സാബിത്തിന്റെ വീട്ടിലെ കിണറ്റിൽ നിന്നുൾപ്പെടെ വവ്വാലുകളെ പിടികൂടിയിരുന്നു. പക്ഷേ, അതിലൊന്നും നിപ സാന്നിധ്യമുണ്ടായിരുന്നില്ല. വളർത്തുമൃഗങ്ങളിലും പരിശോധന നടത്തിയെങ്കിലും നിപയുണ്ടായിരുന്നില്ല.

ലക്ഷം വവ്വാലുകളിൽ പത്തിൽ താഴെയെണ്ണത്തിലേ വൈറസ് കാണുകയുള്ളൂവെന്നാണ് അന്ന് വിദഗ്ധർ വ്യക്തമാക്കിയത്. നിപയുടെ സ്വാഭാവിക വാഹകർ മാത്രമാണ് വവ്വാലുകൾ. കുറ്റ്യാടിപ്പുഴയുടെ ഒരു ഭാഗത്തുള്ള ചങ്ങരോത്ത് സൂപ്പിക്കട പ്രദേശത്താണ് 2018-ൽ നിപ വ്യാപനം കണ്ടെത്തിയത്. പുഴയുടെ മറുകരയിലുള്ള മരുതോങ്കര ഭാഗത്തുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

സാബിത്തിന് വവ്വാലുമായി നേരിട്ട് സമ്പർക്കമുണ്ടായിരിക്കാം എന്നതാണ് അന്നത്തെ നിഗമനം. മറ്റു 16 പേരിലേക്ക് രോഗം എത്തിയത് സാബിത്തിൽ നിന്നായിരിക്കാമെന്നും അന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജി. അരുൺ കുമാർ അഭിപ്രായപ്പെട്ടിരുന്നു.

2021-ൽ ചാത്തമംഗലത്ത് പതിമ്മൂന്നുകാരൻ നിപ ബാധിച്ച് മരിച്ചതിന്റെയും ഉറവിടം വ്യക്തമായിട്ടില്ല. വവ്വാൽ കടിച്ച റംബുട്ടാൻ കുട്ടി കഴിച്ചതായി സംശയമുണ്ടായിരുന്നു. എന്നാൽ, ഇതിനും സ്ഥിരീകരണമില്ല. അതിനിടെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.