1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെയും എസ്.യു.വികളുടെയും നിര്‍മാണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരം വാഹനങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനായി ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം ജി.എസ്.ടി. കൂട്ടാനുള്ള നിര്‍ദേശവും മന്ത്രി മുന്നോട്ടുവെച്ചു. എന്നാല്‍, ഇതേച്ചൊല്ലി ചര്‍ച്ചകള്‍ സജീവമായതോടെ ഇത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.

വാഹനനിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ വേദിയിലായിരുന്നു ഡീസല്‍ വാഹനങ്ങള്‍ക്ക് ജി.എസ്.ടി. കൂട്ടണമെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന. ”ഡീസലിനോട് വിടപറയാം. സ്വമേധയാ അതിനു നടപടിയെടുക്കൂ. അല്ലെങ്കില്‍ വില്‍പ്പന നിയന്ത്രിക്കാന്‍ ഡീസല്‍ വാഹനങ്ങളുടെ ജി.എസ്.ടി. വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കും. അതു സാധ്യമാകുമോയെന്നറിയാന്‍ കേന്ദ്ര ധനമന്ത്രിയോട് സംസാരിക്കും” -മന്ത്രി പറഞ്ഞു.

ഡീസല്‍ കാറുകളുടെ എണ്ണം ഒമ്പതുവര്‍ഷത്തിനിടെ 33 ശതമാനത്തില്‍നിന്ന് 28 ശതമാനമായി കുറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാന്‍ ഹരിത ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉത്പാദനത്തിന്റെ 52 ശതമാനമായിരുന്നു 2014 ലില്‍ ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘ഇപ്പോള്‍ ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ട്. ഡീസല്‍ വാഹനങ്ങള്‍ കുറയ്ക്കാന്‍ നികുതി വര്‍ധിപ്പിക്കുന്ന നടപടി സ്വീകരിക്കുന്നത് ഉചിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

2070-ല്‍ സീറോ കര്‍ബണ്‍ ലക്ഷ്യം കൈവരിക്കുന്നതിനായി ഡീസല്‍ ഉള്‍പ്പെടെയുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായുമലിനീകരണ തോത് കുറയ്‌ക്കേണ്ടതുണ്ട്. വാഹന വില്‍പ്പന ഉയരുന്നതിനൊപ്പം മലിനീകരണമില്ലാത്ത ഹരിത ഇന്ധനമെന്ന ബദല്‍മാര്‍ഗം സ്വീകരിക്കുകയും ചെയ്യണം. ഇത്തരം ഇന്ധനങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നവയും ചെലവ്‌ കുറഞ്ഞതും മലിനീകരണമില്ലാത്തവയുമായി മാറണമെന്നും നിതിന്‍ ഗഡ്കരി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.