സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഖത്തർ വിസ സർവിസ് സെന്ററുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ഗവൺമെന്റ് കോൺടാക്സ് സെന്ററിന്റെ 109 നമ്പറിൽ ബന്ധപ്പെടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ കൊച്ചി, ഡൽഹി, കൊൽക്കത്ത, ലഖ്നോ, ഹൈദരാബാദ് എന്നീ ഏഴ് ഖത്തർ വിസ സെന്ററുകളാണ് പ്രവർത്തിക്കുന്നത്.
പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, ഫിലിപ്പീൻസിലെ മനില, ബംഗ്ലാദേശിലെ ധാക്ക, ശ്രീലങ്കയിലെ കൊളംബോ, നേപ്പാളിലെ കാഠ്മണ്ഡു തുടങ്ങി വിസ സെന്ററുകളുമായി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് അന്വേഷണങ്ങൾക്കും സഹായത്തിനുമെല്ലാം 109 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഖത്തറിലെ വിവിധ സർക്കാർ സേവനങ്ങൾ സംബന്ധിച്ച 24 മണിക്കൂറും സേവനം ലഭിക്കുന്ന ഗവൺമെന്റ് കോണ്ടാക്ട് സെന്റർ ഹോട്ലൈൻ നമ്പറാണ് 109. സർക്കാറുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളുടെയും വിവരങ്ങൾ ഒരു നമ്പറിൽ ആവശ്യക്കാരന് ലഭ്യമാക്കുകയാണ് ഇത്. ഒമ്പത് ഭാഷകളിൽ 109ൽനിന്ന് വിവരങ്ങൾ ലഭ്യമാകും. 24 മണിക്കൂറും, ആഴ്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഖത്തറിലേക്ക് തൊഴിൽ തേടിയെത്തുന്ന പ്രവാസികൾക്കുള്ള മെഡിക്കൽ, ബയോമെട്രിക്, തൊഴിൽ കരാർ ഉൾപ്പെടെയുള്ള സേവനങ്ങൾ മാതൃരാജ്യത്ത് പൂർത്തിയാക്കുന്നതിനുള്ള സംവിധാനമാണ് ഖത്തർ വിസ സെന്റർ. ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ വിസ സെന്ററുകൾ പ്രവർത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല