1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2023

സ്വന്തം ലേഖകൻ: വായ്പാ രേഖകകള്‍ തിരിച്ചു നല്‍കുന്നതില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. ഭവനവായ്പകളില്‍ ഉള്‍പ്പെടെ ഈടായി വച്ചിട്ടുള്ള അസ്സല്‍രേഖകള്‍ വായ്പത്തിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസത്തിനകം തിരിച്ചു നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ വന്‍തുകയാണ് പിഴയായി ഇനി മുതല്‍ ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കേണ്ടി വരിക.

വായ്പാ തിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസം കഴിഞ്ഞിട്ടും ഈട് വച്ച രേഖകള്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ 5000 രൂപവീതം ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കണം. എന്തുകൊണ്ടാണ് വായ്പരേഖകള്‍ തിരികെ നല്‍കാന്‍ വൈകിയതെന്ന് ഉപഭോക്താക്കളെ അറിയിക്കണമെന്നും ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈടുനല്‍കിയ വസ്തുക്കളുടെ അസല്‍രേഖകള്‍ വായ്പയുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ഇടപാടുള്ള ശാഖയില്‍ നിന്നോ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നോ തിരികെ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കണം. ഈടിനായി സമര്‍പ്പിക്കപ്പെട്ട രേഖകള്‍ തിരികെ നല്‍കാനുള്ള സമയപരിധിയും എവിടെനിന്ന് തിരിച്ചുകിട്ടുമെന്നതും വായ്പ അനുവദിക്കുന്ന കരാറില്‍ രേഖപ്പെടുത്തണം.

വായ്പയെടുത്തയാള്‍ അല്ലെങ്കില്‍ വായ്പയെടുത്തവരില്‍ ഒരാള്‍ മരിച്ചാല്‍ രേഖകള്‍ അവകാശികള്‍ക്ക് തിരിച്ചുനല്‍കുന്നതിന് സ്ഥാപനങ്ങള്‍ കൃത്യമായ നയനടപടികളുണ്ടാക്കണം. ഈടുരേഖകള്‍ തിരികെ നല്‍കുന്നതിന്റെ നടപടിക്രമങ്ങള്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കണെന്നും നിര്‍ദ്ദേശമുണ്ട്. 2023 ഡിസംബര്‍ 1 മുതലാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക.

നിലവില്‍ തിരിച്ചടവ് പൂര്‍ത്തിയായ വായ്പകള്‍ക്കായി ഈടുനല്‍കിയ രേഖകള്‍ തിരിച്ച് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2003മുതല്‍ നിലവിലുള്ളതാണ്. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ഇത് കൃത്യമായി പാലിക്കുന്നില്ല. പല സ്ഥാപനങ്ങളും വ്യത്യസ്ത നടപടിക്രമങ്ങളാണ് നിലവില്‍ പിന്തുടരുന്നത്.

ഇത് ഏകീകരിക്കാനും ഉത്തരവാദിത്വപൂര്‍ണ്ണമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പെരുമാറുന്നുണ്ട് എന്ന് ഉറപ്പാക്കാനുമാണ് പുതിയ നിര്‍ദ്ദേശങ്ങളെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. വായ്പക്കായി ഈട് നല്‍കിയ രേഖകള്‍ വിട്ടുനല്‍കാത്തതിന്റെ പേരിലുള്ള തര്‍ക്കങ്ങളും പരാതികളും നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.