1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2023

സ്വന്തം ലേഖകൻ: യുഎസില്‍ ജനിച്ചതു കൊണ്ടുമാത്രം ഒരാള്‍ യുഎസ് പൗരത്വം നേടാന്‍ അര്‍ഹത നേടുമോ എന്ന തർക്കം അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും കരുത്താര്‍ജിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിവേക് രാമസ്വാമി ഇതുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്തു വരികയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കളെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്നാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ജനിച്ച കുട്ടികളെയും നാടുകടത്തുമോ എന്ന ചോദ്യത്തില്‍ ‘കുടുംബ യൂണിറ്റിനെ നാടുകടത്തും,’ എന്നാണ് എന്‍ബിസി ന്യൂസിന്റെ ചോദ്യത്തിന് മറുപടിയായി രാമസ്വാമി പറഞ്ഞത്.

‘യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ജനിച്ചവരോ പ്രകൃതിവല്‍ക്കരിക്കപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും, അതിന്റെ അധികാരപരിധിക്ക് വിധേയരായവരും, യുണൈറ്റഡ് സ്റ്റേറ്റ്സിലെയും അവര്‍ താമസിക്കുന്ന സംസ്ഥാനത്തിലെയും പൗരന്മാരാണ്’ എന്നാണ് യു.എസ്. 14-ാം ഭേദഗതി പ്രസ്താവിക്കുന്നത്. അതായത് അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ കുട്ടികള്‍ക്ക് പൗരത്വം നല്‍കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.

അതേസമയം രാമസ്വാമി, മറ്റ് ചില യാഥാസ്ഥിതികരെപ്പോലെ 14-ാം ഭേദഗതി ജന്മാവകാശ പൗരത്വം നല്‍കുന്നില്ലെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ളതാണ്. ‘അനധികൃത കുടിയേറ്റക്കാരന്റെ കുട്ടി ജന്മാവകാശ പൗരത്വം ആസ്വദിക്കുന്ന ഒരാളല്ലെന്ന നിയമ സിദ്ധാന്തത്തിന് കീഴില്‍, കുടുംബ യൂണിറ്റിനെ മുഴുവന്‍ നീക്കം ചെയ്യുന്നത് നിയമപരമായി അനുവദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാമസ്വാമി പോലും തന്റെ പദ്ധതി സംശയാസ്പദമായ അടിസ്ഥാനത്തിലാണെന്ന് സമ്മതിക്കുന്നു. ‘അനധികൃത കുടിയേറ്റക്കാരന്റെ കുട്ടി യഥാര്‍ത്ഥത്തില്‍ ജന്മാവകാശ പൗരത്വം ആസ്വദിക്കുന്ന കുട്ടിയാണോ എന്നതിന് 14-ാം ഭേദഗതിക്ക് കീഴില്‍ നിയമപരമായി തര്‍ക്കമുള്ള ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

14-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് എതിരഭിപ്രായമുള്ളത് രാമസ്വാമിക്ക് മാത്രമല്ല. GOP പ്രസിഡന്‍ഷ്യല്‍ പ്രതീക്ഷയുള്ള ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും സമാനമായി അഭിപ്രായം ഉള്ളയാളാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ജന്മാവകാശ പൗരത്വം നല്‍കണമെന്നില്ല, അത് ’14-ാം ഭേദഗതിയുടെ യഥാര്‍ത്ഥ ധാരണയുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ അനധികൃത കുടിയേറ്റക്കാരുടെ മക്കളുടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട് രാമസ്വാമിയുടെ ഏറ്റവും പുതിയ കടുത്ത നിലപാടാണിത്. 38-കാരനായ റിപ്പബ്ലിക്കന്‍, തെക്കന്‍, വടക്കന്‍ അതിര്‍ത്തികളിലേക്ക് യുഎസ് സൈന്യത്തെ അയക്കാനുള്ള തന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. മെക്‌സിക്കന്‍ മയക്കുമരുന്ന് കാര്‍ട്ടലുകളില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.