സ്വന്തം ലേഖകൻ: യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വംശജയായ ജാഹ്നവി കണ്ടുലയ്ക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി നല്‍കാന്‍ യുഎസ് സര്‍വകലാശാല. ജാഹ്നവിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാല അറിയിച്ചു. ഇവിടെ മാസ്റ്റര്‍ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കേയാണ് ജാഹ്നവി വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറും.
സംഭവത്തിന്റെ ആഘാതത്തിലാണ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രതികരിച്ചു. ഇവര്‍ക്ക് മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കുന്നതിനായി ഹെല്‍പ്‌ലൈന്‍ നമ്പറും ആരംഭിച്ചു.
അന്ധ്ര സ്വദേശിയായ ജാഹ്നവി കഴിഞ്ഞ ജനുവരി 23-നാണ് യുഎസിൽ പോലീസ് പട്രോളിങ് വാഹനമിടിച്ച് മരിക്കുന്നത്. ജാഹ്നവി കൊല്ലപ്പെടുമ്പോള്‍ വാഹനത്തിനകത്തുനിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡാനിയല്‍ ഓഡറര്‍ എന്ന ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ പുറത്തുവന്നതോടെ യുഎസിൽ ഇതു വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസിലാണ് ഇരുപത്തിമൂന്നുകാരിയായ ജാഹ്നവി മാസ്റ്റര്‍ ഡിഗ്രി ചെയ്തിരുന്നത്. ഡാനിയലിന്റെ സഹപ്രവര്‍ത്തകനായ കെവിന്‍ ഡേവാണ് വാഹനമോടിച്ചിരുന്നത്. മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ കാറിടിച്ച് ജാഹ്നവി നൂറ് അടി അകലേക്ക് തെറിച്ചുവീണിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല