1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2023

സ്വന്തം ലേഖകൻ: ദുബായ്– തിരുവനന്തപുരം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ട് സംഭവത്തിൽ കുടുംബാംഗങ്ങൾക്കുണ്ടായ അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് വിമാന കമ്പനി രംഗത്ത്.‘‘ കുടുംബാംഗങ്ങൾക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

മറ്റ് യാത്രക്കാരെ ഷാർജ-തിരുവനന്തപുരം വിമാനത്തിൽ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളിൽ മൃതദേഹം ദുബായിൽ നിന്ന് ഷാർജയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂൾ ചെയ്ത അടുത്ത വിമാനം കുടുംബം തിരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ദുഃഖിതരായ കുടുംബത്തിന് ഹോട്ടൽ താമസം ഉൾപ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയർലൈൻ നൽകി’’- എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു

ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹമാണ് വിമാനം വൈകിയതോടെ നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി നേരിട്ടത്. ഈ മാസം 13ന് രാത്രി 8.45നു പോകേണ്ട വിമാനം വൈകിയതോടെ ശനിയാഴ്ച രാത്രി ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) സംസ്കാര ചടങ്ങും വൈകി. മൃതദേഹം ഇന്നലെ വൈകിട്ട് 4ന് നാട്ടിൽ സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദൽ സംവിധാനം ഒരുക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലായിരുന്നു മൃതദേഹം.

സുഭാഷ് പിള്ളയുടെ ഭാര്യയും 2 മക്കളും 2 ബന്ധുക്കളും ഇതേ വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വിമാനം വൈകുന്ന വിവരം അറിയിച്ചത്. അർധരാത്രി 12.15ന് പോകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് പുലർച്ചെയാകുമെന്ന് പറഞ്ഞു. യാത്രക്കാർ ബഹളം വച്ചപ്പോൾ ഉച്ചകഴിഞ്ഞേ പുറപ്പെടൂവെന്ന് ജീവനക്കാർ അറിയിച്ചു.

അത്യാവശ്യക്കാരെ ഷാർജ വിമാനത്തിലേക്കു മാറ്റിയെങ്കിലും മൃതദേഹം മാറ്റാനാകില്ലെന്നും എന്നാൽ രാത്രി 9.30ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ലെന്ന് അറിയിച്ചുമെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. വിമാനം വൈകുന്ന വിവരം ജീവനക്കാർ നേരത്തേ അറിയിച്ചിരുന്നെങ്കിൽ ദുബായിൽനിന്നോ ഷാർജയിൽനിന്നോ ഉള്ള വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ച് നിശ്ചയിച്ച സമയത്ത് സംസ്കരിക്കാമായിരുന്നുവെന്നും വിമാന ജീവനക്കാരുടെ നിരുത്തരവാദ സമീപനം വല്ലാതെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.