സ്വന്തം ലേഖകൻ: റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ കൊടുത്ത് യുകെയിലെത്തിയ നൂകണക്കിന് നഴ്‌സുമാരും കെയറര്‍മാരും, തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലി ലേഭിക്കാതെ യുകെയില്‍ നകര യാതന അനുഭവിക്കുന്ന നിരവധി വാര്‍ത്തകളാണ് സമീപ കാലത്തായി പുറംലോകത്തെത്തിയത്. ഇത്തരത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത വരുന്നത് കൊച്ചിയിലെ ഏജന്‍സികള്‍ വഴി വഞ്ചിക്കപ്പെട്ട നാനൂറോളം വരുന്ന നഴ്‌സുമാരുടെ അനുഭവമാണ്.
യുകെയിലെത്തിയ ഈ നഴ്‌സുമാര്‍ ചെയ്യുന്ന ജോലി പെയിന്റിങും പുല്ലുവെട്ടലുമാണ്. ആറു മാസത്തോളമായി അവിടെ കുടുങ്ങിപ്പോയ അവസ്ഥയിലാണ് നാനൂറോളം വരുന്ന നഴ്‌സുമാരെന്നാണ് റിപ്പോര്‍ട്ടുകള്‍ പന്ത്രണ്ടര ലക്ഷത്തോളം കടബാധ്യതയുള്ളതിനാല്‍ ഈ ജോലിയെങ്കിലും ചെയ്ത് ജീവിക്കേണ്ടുന്ന അവസ്ഥയാണിവര്‍ക്ക്. നിത്യവൃത്തിയ്ക്കും വാടക നല്‍കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
ഭാര്യയുടെ സ്വര്‍ണമുള്‍പ്പെടെ വിറ്റ് യുകെയിലെത്തിയ നഴ്‌സ് ജീവിക്കുന്നത് ആപ്പിള്‍തോട്ടത്തില്‍ ജോലിക്കുപോയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ധനര്‍ക്കുള്ള ഫുഡ്ബാങ്കില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരും നിരവധി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി കഴിഞ്ഞ ദിവസം പ്രവാസി യുകെ ചാപ്റ്റര്‍ ലീഗല്‍സെല്‍, മന്ത്രി എസ് ജയശങ്കറിനു നിവേദനം സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യത്തിലാണ് ഇവരില്‍ ഭൂരിഭാഗം പേരും യുകെയിലെത്തിയത്. റജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ മൂന്ന് തവണയായാണ് പണം നല്‍കിയത്. അഭിമുഖസമയത്ത് രണ്ട് ലക്ഷത്തോളം രൂപ നല്‍കി , ബാങ്ക് അക്കൗണ്ട് വഴിയല്ലാതെയാണ് പണം വാങ്ങിയത്.
ജോബ് ഗാരന്റി കത്തിനു പിന്നാലെ മൂന്നര ലക്ഷവും വീസ സമയത്ത് മൂന്നര ലക്ഷവും നല്‍കി. എന്നാല്‍ ഇവര്‍ക്ക് ലഭിച്ചത് സന്ദര്‍ശക വീസയാണ്. 15 വയസില്‍ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ നോക്കുന്നതുള്‍പ്പെടെയുള്ള ജോലിവാഗ്ദാനങ്ങളാണ് ആദ്യം നല്‍കിയിരുന്നത്. നഴ്‌സുമാരുടെ സാഹചര്യം ചൂണ്ടിക്കാട്ടി യുകെയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിനോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പ്രവാസി ലീഗല്‍സെല്‍ യുകെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ സോണിയ സണ്ണി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല