സ്വന്തം ലേഖകൻ: ജിദ്ദ ടവർ (കിങ്ഡം ടവർ) നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) അറിയിച്ചു. 1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുക.
പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുന്നത്. നഗരവികസനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന ജിദ്ദ ടവറിലെ താമസസമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്, റസ്റ്ററന്റ്, ടെന്നിസ് കോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടാകും.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് സജ്ജമാകും. ആഡംബര ഹോട്ടൽ, ഓഫിസ്, താമസം തുടങ്ങി ജിദ്ദ ടവറിന് സവിശേഷതകളേറെയുണ്ടാകും. 2011ൽ പ്രഖ്യാപിച്ച് 2013ൽ നിർമാണം ആരംഭിച്ച ടവർ 2019ൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. 50 നില വരെ ഉയർന്ന കെട്ടിടത്തിന്റെ നിർമാണം പിന്നീട് പല കാരണങ്ങളാൽ നീണ്ടുപോയി. നിർമാണം പുനരാരംഭിച്ചെങ്കിലും എപ്പോൾ തീരുമെന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല