1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2023

സ്വന്തം ലേഖകൻ: യുകെയിലെ മലയാളികളടക്കമുള്ള ചെറുകിട കട ഉടമകളും ജീവനക്കാരും കടന്നുപോകുന്നത് വന്‍ സുരക്ഷാ ഭീതിയിലൂടെയെന്ന് റിപ്പോര്‍്ട്ട്. കട കൊള്ളയടിക്കാനെത്തുന്ന അക്രമികളെപ്പേടിച്ച് പലരും അടച്ചുപൂട്ടലിന്‍രെ വക്കിലാണ്. പല കേസുകളിലും പോലീസിന്റെ നിഷ്‌ക്രിയത്വം കൂടിയാകുമ്പോള്‍ മോഷ്ടാക്കള്‍ക്ക് ഇരട്ടി പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും കട ഉടമകള്‍ ബിബിസിയോട് പറയുന്നു. ഒരു ദിവസം ഒമ്പത് കട മോഷണ സംഭവങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്ന് ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമ പറയുന്നു.

തങ്ങളുടെ പരാതിയില്‍ പോലീസ് കൃത്യമായി ഇടപെടല്‍ നടത്തില്ലെന്ന് അക്രമികള്‍ക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടാണെന്ന് പട്ടാപ്പകല്‍ പോലും ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് ബെനഡിക്ട് സെല്‍വരത്‌നം പറയുന്നു. ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് റീട്ടെയിലേഴ്സിന്റെ കണക്കുകള്‍ അദ്ദേഹത്തിന്റെ വാക്കുകലെ സാധൂകരിക്കുന്നു. 10,000 കടയുടമകളെ പ്രതിനിധീകരിക്കുന്ന ഈ സംഘടന പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് രംഗത്തെത്തി. സ്ഥിതി നാള്‍ക്കുനാള്‍ വഷളാകുകയാണെന്ന് അവര്‍ പറയുന്നു.

സൗത്ത് ലണ്ടനില്‍ നിന്നുള്ള സെല്‍വരത്‌നം, തന്റെ ജീവനക്കാര്‍ വാക്കാലുള്ളതും ശാരീരികവുമായ പീഡനങ്ങള്‍ നിരന്തരം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. എട്ട് വര്‍ഷമായി ക്രോയ്ഡോണിലെ ഫ്രെഷ്ഫീല്‍ഡ് മാര്‍ക്കറ്റ് എന്ന തന്റെ കുടുംബ ബിസിനസ്സ് നടത്തുന്ന അദ്ദേഹം, കഴിഞ്ഞ വര്‍ഷം കടകളില്‍ സമാനമായ സംഭവങ്ങളില്‍ വന്‍ വര്‍ധനവ് കണ്ടതായി പറയുന്നു.

മോഷണങ്ങള്‍ കൂടുതല്‍ നടത്തുന്നത് പ്രാമുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഇടുന്ന അമ്മമാര്‍, പെന്‍ഷന്‍കാര്‍, കുട്ടികള്‍, സൈക്കിളില്‍ വരുന്ന കൗമാരക്കാര്‍ എന്നിവരാണ് എന്ന് അദ്ദേഹം പറഞ്ഞു. ‘കാപ്പിയോ തേനോ മാംസമോ ആകട്ടെ, ഓര്‍ഡര്‍ ചെയ്യുന്നതിനായി മോഷ്ടിക്കുന്ന സംഘടിത സംഘങ്ങളുടെ വലിയ വര്‍ദ്ധനവ് ഞങ്ങള്‍ കണ്ടു.’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച, മോഷണം തടഞ്ഞ സെല്‍വരത്നത്തിന്റെ ഒരു ജീവനക്കാരനെ ഇരുമ്പ് നെയില്‍ കൊണ്ട് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരു ജീവനക്കാരനെ കരിമ്പ് തണ്ട് കൊണ്ട് ആക്രമിച്ചു. ആക്രമണം സ്ഥിരം സംഭവമായതിനെ തുടര്‍ന്ന് ചില വനിതാ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുക വരെ ചെയ്തു.

കടയില്‍ മോഷണം നടത്തുന്നവരെ എതിര്‍ക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീ പറയുന്നു. അവര്‍ എത്ര മണിക്കാണ് കട അടയ്ക്കുന്നതെന്ന് തനിക്കറിയാമെന്നും അതിനാല്‍ അവര്‍ പുറത്ത് ഇറങ്ങുമ്പോള്‍ കൈകാര്യം ചെയ്യുമെന്ന് ആക്രമി ഭീഷണിപ്പെടുത്തിയെന്നും അവര്‍ ഭീതിയോടെ വെളിപ്പെടുത്തി.

ജോലിക്ക് വരാന്‍ തനിക്ക് ഭയമാണെന്നാണ് യുവതി ഇപ്പോള്‍ പറയുന്നത്. ‘ഞാന്‍ മിക്ക സമയത്തും കട പൂട്ടുമായിരുന്നു, പക്ഷേ ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ ആ ഭീഷണികള്‍ കാരണം അത് ചെയ്യുന്നില്ല. കാഷ്യര്‍മാരെ ആക്രമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ അടുത്തിടെ ഒരു ഗ്ലാസ് സ്‌ക്രീന്‍ സ്ഥാപിച്ചു. കൂടാതെ 34 സിസിടിവി ക്യാമറകള്‍ സ്റ്റോറിനുള്ളില്‍ സ്ഥാപിച്ചു, മറ്റൊരു 12 എണ്ണം പുറത്തും സ്ഥാപിച്ചെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ കുറ്റവാളികളെ തടയാന്‍ ഇവയൊന്നും പര്യാപ്തമല്ലെന്ന് സെല്‍വരത്‌നം പറയുന്നു. തങ്ങള്‍ക്ക് കൂടുതല്‍ പോലീസ് സാന്നിധ്യം ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍.’
പല തവണ തങ്ങള്‍ പോലീസിനെ വിളിച്ചിട്ടും അവര്‍ വരാത്തതിനാല്‍ സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പോലീസ് ഹാജരാകില്ലെന്ന് കടയുടമകള്‍ക്ക് അറിയാവുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാകുകയാണെന്ന് സെല്‍വരത്‌നം കരുതുന്നു. ഇത് ഈ കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുമെന്നും മറ്റുള്ളവരെ ഇത് പിന്തുടരാന്‍ ധൈര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കടയില്‍ മോഷണം നടത്തുന്ന എല്ലാ കേസുകളിലും പേലീസിന് ഇടപെടാന്‍ പരിമിതി ഉണ്ടെന്നും എന്നാല്‍ ഗൗരവകരമായ സംഭവങ്ങളില്‍ ഉദ്യോഗസ്ഥരെ അയക്കുമെന്നും മെട്രോപൊളിറ്റന്‍ പോലീസ് ബിബിസിയോട് പറഞ്ഞു. ഷോപ്പിംഗ് ലിഫ്റ്റിംഗിന്റെ റിപ്പോര്‍ട്ടിംഗ് മെച്ചപ്പെടുത്തുന്നതിന് ലണ്ടനിലുടനീളം ഷോപ്പുകളുമായി സഹകരിക്കുന്നതായി മെറ്റ് കൂട്ടിച്ചേര്‍ത്തു.

സാഹചര്യം അടിയന്തിരമാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് റീട്ടെയിലേഴ്സ് പ്രസിഡന്റ് മുന്‍താസിര്‍ ദിപോട്ടി പറയുന്നു. സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനായി സ്വതന്ത്ര ഷോപ്പുകള്‍ക്ക് 1,500 പൗണ്ട് ഒറ്റത്തവണ ഗ്രാന്റ് നല്‍കണമെന്ന് അദ്ദേഹത്തിന്റെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ബോഡി ക്യാമറകളും ഹെഡ്സെറ്റുകളും വിലകൂടിയ ഉപകരണങ്ങളും അവതരിപ്പിച്ചു, എന്നാല്‍ മിക്ക സ്വതന്ത്ര ചില്ലറ വ്യാപാരികള്‍ക്കും അത് താങ്ങാന്‍ കഴിയില്ല. അദ്ദേഹം പറയുന്നു.

വ്യാപാര സ്ഥാപനമായ ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) ഈ വര്‍ഷം ആദ്യം പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും റീട്ടെയില്‍ മോഷണങ്ങള്‍ 2022-ല്‍ 26% ഉയര്‍ന്നു എന്നാണ്. ബിആര്‍സിയുടെ ക്രൈം സര്‍വേ സൂചിപ്പിക്കുന്നത് കടയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.

ചില കേസുകളില്‍ ജീവനക്കാരെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം മോഷണം മൂലം ചില്ലറ വ്യാപാരികള്‍ക്ക് ഏകദേശം 1 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ബിആര്‍സി ബിബിസിയോട് വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.