സ്വന്തം ലേഖകൻ: യുഎഇയിലെ വിമാന കമ്പനിയായ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമൊരുക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ എമിറേറ്റ്സ് ഫ്ലൈറ്റുകളിലും ഇപ്പോള്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. വരും മാസങ്ങളില്‍ കൂടുതല്‍ ആഗോള റൂട്ടുകളില്‍ ഈ സംരംഭം വ്യാപിപ്പിക്കും.
യുകെയിലെ റൂട്ടുകളില്‍ പ്രീഓര്‍ഡര്‍ ഇന്‍ഫ്ലൈറ്റ് മീല്‍ സര്‍വീസ് വിജയകരമായി ആരംഭിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ നഗരങ്ങളിലേക്കും തിരിച്ചുമുള്ള റൂട്ടുകളിലുടനീളം എമിറേറ്റ്സ് ഈ സര്‍വീസ് വിപുലീകരിക്കുന്നത്.
വാഴ്സോ, വെനീസ്, റോം, ബൊലോഗ്ന, പ്രാഗ്, വിയന്ന, മോസ്കോ, ഇസ്താംബുള്‍, ഡബ്ലിന്‍, ഹാംബര്‍ഗ്, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, ബ്രസ്സല്‍സ്, മാഡ്രിഡ്, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ നഗരത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ ഇന്‍ഫ്ലൈറ്റ് മീല്‍ ഓര്‍ഡറിങ് സേവനം ആരംഭിച്ചുകഴിഞ്ഞു.
ഈ സേവനം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറെങ്കിലും മുമ്പ് തന്നെ ഇഷ്ടഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യണം. 14 ദിവസം മുമ്പുവരെ ഇങ്ങനെ ബുക്ക് ചെയ്യാം. എമിറേറ്റ്സ് ലിസ്റ്റ് ചെയ്ത നിരവധി ഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനാണ് അവസരം.
യാത്രക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. യാത്രക്കാര്‍ക്ക് എമിറേറ്റ്സ് വെബ്സൈറ്റിലോ എയര്‍ലൈനിന്റെ ആപ്പ് വഴിയോ ഓണ്‍ബോര്‍ഡ് മെനു പരിശോധിച്ച് ഇഷ്ടമുള്ള വിഭവം കണ്ടെത്താവുന്നതാണ്.
നാടന്‍ ചേരുവകള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഒരുക്കുന്നത് എന്നത് എമിറേറ്റ്സ് എയര്‍ലൈനിന്റെ പ്രത്യേകതയാണ്. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സഹായത്തോടെ ഉപഭോക്തൃ മുന്‍ഗണന ട്രാക്കിങ് ഡാറ്റയും ക്യാബിന് ക്രൂ റിപ്പോര്‍ട്ടുകളും എമിറേറ്റ്സ് ഉപയോഗപ്പെടുത്തുന്നുണ്ട്. മെനു ആസൂത്രണം, ഒപ്റ്റിമല്‍ ഫുഡ് ലോഡ് ചെയ്യല്‍, മാലിന്യങ്ങള്‍ കുറയ്ക്കല്‍ എന്നിവ സുഗമമാക്കുന്നതിന് ഇത് ഉപകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല