സ്വന്തം ലേഖകൻ: ചരിത്രപരമായ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി യുഎഇയുടെ ബഹിരാകാശ സഞ്ചാരി ഡോ.സുല്‍ത്താന്‍ അല്‍ നെയാദി സ്വന്തം നാട്ടില്‍ മടങ്ങിയെത്തി. ജന്മനാട്ടില് വന്‍വരവേല്‍പ്പാണ് അല്‍ നെയാദിക്കായി ഒരുക്കിയിരുന്നത്. പ്രാദേശിക സമയം വൈകിട്ട് 4.30-ന് അൽ ഐൻ എയർക്രാഫ്റ്റിലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം പുതിയ ടെർമിനൽ എയിൽ രാജ്യത്തിന്റെ അഭിമാന താരം വന്നിറങ്ങിയത്.
ഗുരുത്വാകര്‍ഷണവും സാധാരണ ജീവിതവുമായി പൊരുത്തപ്പെടാനുമായി രണ്ടാഴ്ചയോളം ഹൂസ്റ്റണിലെ നാസയുടെ ജോണ്സണ് ബഹിരാകാശ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു അല്‍ നെയാദി. ദൗത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായുള്ള പരിശീലനത്തിനും മറ്റുമായി ഒരു വര്‍ഷം മുന്‍പുതന്നെ അല്‍ നെയാദി യുഎസിലെത്തിയിരുന്നു. ഒരു വര്‍ഷത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ ജന്മസ്ഥലമായ അല്‍ഐനിലെ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം രാജ്യത്തിനൊപ്പം ആവേശഭരിതരാണ്.
പ്രത്യേക വിമാനത്തിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ എയിൽ 4.58ന് ഇറങ്ങിയ സുൽത്താൻ അൽ നെയാദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും മുതിർന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ബഹിരാകാശത്തെ സുൽത്താന്‍ തലസ്ഥാന നഗരിയിൽ രാജകീയ സ്വീകരണമാണ് ഒരുക്കിയത്. ദേശീയ പതാക വീശിയും ഹർഷാരവം മുഴക്കിയും ആലിംഗനങ്ങളേകിയും ജനങ്ങൾ സുൽത്താനെ സ്വീകരിച്ചു.
വൈകിട്ട് 5ന് തുടങ്ങിയ ആഘോഷ പരിപാടികൾ രാത്രി വൈകിയും പലയിടങ്ങളിലും തുടർന്നു. പരമ്പരാഗത വാദ്യഘോഷങ്ങളുടെ അലയൊലികളായിരുന്നു രാജ്യമെങ്ങും. സുൽത്താനെ സ്വാഗതം ചെയ്തുള്ള ബോർഡുകൾ എയർപോർട്ടിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിലും നിറഞ്ഞു. സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളുമായി യുഎഇയിലെ വിവിധ സ്കൂളുകളിൽ പ്രദർശനവും ഒരുക്കിയിരുന്നു.
രാജ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹവിരുന്നിലും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണ പരിപാടികളിവും പങ്കെടുത്തശേഷം തുടർപരീക്ഷണങ്ങൾക്കായി നെയാദി വീണ്ടും നാസയുടെ ഗവേഷണ കേന്ദ്രത്തിലേക്കു തിരിച്ചുപോകും.
ഭൂമിയിലായാലും ബഹിരാകാശത്തായാലും ലോകത്തിന്റെ സ്പന്ദനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന സുൽത്താൻ അൽ നെയാദി ബഹിരാകാശത്തുവച്ച് ഡൽഹിയുടെ ചിത്രം പകർത്തി ഇന്ത്യക്കാർക്ക് ആശംസ നേർന്ന് പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല