സ്വന്തം ലേഖകൻ: ജൂലൈ മാസത്തിന് ശേഷം ആദ്യമായി ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകള്‍ 5 ശതമാനത്തില്‍ താഴെയെത്തി. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഭവനഉടമകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ ഇടിവ്. വീട് വാങ്ങുന്നവര്‍ക്കും, റീമോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ 4.99 ശതമാനം ഫിക്സഡ് റേറ്റ് ഡീലാണ് യോര്‍ക്ക്ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
75% ലോണ്‍-ടു-വാല്യൂവില്‍ ഇത് ലഭ്യമാണ്. അതായത് യോഗ്യരായ ഉപഭോക്താക്കള്‍ക്ക് 25% ഡെപ്പോസിറ്റോ, വീട്ടില്‍ 25% ഇക്വിറ്റിയോ ഉണ്ടായാല്‍ മതിയാകും. 200,000 പൗണ്ട് മോര്‍ട്ട്ഗേജുള്ളവര്‍ക്ക് 25 വര്‍ഷ കാലയളവിലേക്ക് പ്രതിമാസം 1168 പൗണ്ട് എന്ന നിരക്കില്‍ തിരിച്ചടവ് സാധ്യമാകും. നിലവില്‍ വിപണിയിലെ ശരാശരി പ്രതിമാസം 1249 പൗണ്ടാണ്.
അതേസമയം, അഞ്ച് വര്‍ഷത്തെ ഡീലിന് 1495 പൗണ്ട് ഫീസുണ്ട്. അതുകൊണ്ട് തന്നെ ചില ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്കും, കുറഞ്ഞ ഫീസുമുള്ള മോര്ട്ട്ഗേജുകളാകും അനുയോജ്യം. യോര്‍ക്ക്ഷയര്‍ ബിഎസിന് പിന്നില്‍ വിര്‍ജിന്‍ മണിയുടെ 5.07 ശതമാനം അഞ്ച് വര്‍ഷ ഡീലാണ് ഏറ്റവും ലാഭകരമായി ഇപ്പോള്‍ വിപണിയിലുള്ളത്.
ലെന്‍ഡര്‍മാര്‍ തമ്മില്‍ മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് യോര്‍ക്ക്ഷയര്‍ ബിഎസ് നിരക്ക് കുറയ്ക്കാന്‍ തയ്യാറായത്. എച്ച്എസ്ബിസിയും മോര്‍ട്ട്ഗേജ് നിരക്കില്‍ 0.15 ശതമാനം പോയിന്റ് കുറവ് വരുത്തി. കവെന്‍ട്രി ബിഎസ്, നേഷന്‍വൈഡ് ബിഎസ്, അക്കോര്‍ഡ്, ജനറേഷന് ഹോം, ബാര്‍ക്ലേസ്, ക്ലൈഡസ്ഡെയില് ബാങ്ക് എന്നിവര്‍ കഴിഞ്ഞ ആഴ്ച വെട്ടിച്ചുരുക്കല്‍ നടത്തിയിരുന്നു.
എന്നാല്‍ വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി 5.5 ശതമാനത്തില്‍ എത്തിക്കുമെന്നു സൂചനയുണ്ട്. ആഗസ്റ്റിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിന് ശേഷമാകും അന്തിമതീരുമാനം. നിരക്ക് ഉയര്‍ന്നാല്‍ വേരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജുകളുടെ ചെലവ് ഇനിയും വര്‍ദ്ധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല