സ്വന്തം ലേഖകൻ: റൺവേ റീ കാർപെറ്റിങ്ങിനായി കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ബുധനാഴ്ച അവസാനിക്കും. ബുധനാഴ്ച നാലു മണി വരെയാണ് നിയന്ത്രണം. റൺവേയിലെ നിയന്ത്രണം ബുധനാഴ്ച നീക്കുമെങ്കിലും നേരത്തെയുണ്ടായിരുന്ന പകൽസമയത്തെ വിമാനസർവീസുകൾ ഉടൻ തിരിച്ചെത്തില്ല.
ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ വൈകീട്ട് മുതൽ രാവിലെ 10 വരെയാണ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത്. അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽനിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.
റൺവേയുടെ ഇരുവശങ്ങളിലും ടാറിങ് നിരപ്പിൽ മണ്ണിട്ടുയർത്തുന്ന ഗ്രേഡിങ് പ്രവൃത്തി പൂർത്തിയായിട്ടില്ല. മണ്ണ് ലഭ്യമാക്കുന്നതിലെ സാങ്കേതികതടസ്സവും പിന്നീട് മഴക്കാലമായതും വേഗംകുറച്ചു. മഴ കനത്തതോടെ നിർത്തിവെച്ചു. മഴ കുറഞ്ഞതോടെ പുനരാരംഭിച്ചു. എന്നാൽ, മഴ വീണ്ടും കനത്തതോടെ പണി വീണ്ടും നിർത്തിവെച്ചിരിക്കുകയാണ്. ഒരു കിലോമീറ്റർ നീളത്തിൽ ഗ്രേഡിങ് പൂർത്തിയാക്കാനുണ്ട്. ബാക്കിപ്പണി വിമാനസർവീസുകളെ ബാധിക്കാത്ത രീതിയിൽ പൂർത്തിയാക്കാനാണ് തീരുമാനം. റൺവേ റീടാറിങ് ജൂൺ ആദ്യവാരം പൂർത്തിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല