സ്വന്തം ലേഖകൻ: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) പത്ത് വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME ) അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കം WFME അംഗീകാരം ആവശ്യമുള്ള മറ്റ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് പ്രാക്ടീസും പി.ജി പഠനവും നടത്താം.
രാജ്യത്ത് നിലവിലുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്കും പത്ത് വര്‍ഷത്തിനകം സ്ഥാപിക്കപ്പെടുന്നവയ്ക്കും അംഗീകാരം ബാധകമായിരിക്കും. ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്കൊപ്പം വിദേശവിദ്യാര്‍ഥികളേയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ WFME അംഗീകാരം സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍. അംഗീകാരത്തിലൂടെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനാകുമെന്നും എന്‍എംസി പ്രതീക്ഷിക്കുന്നു
ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME). മനുഷ്യനന്മയ്ക്കായി മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുറപ്പാക്കലാണ് സംഘടനയുടെ പ്രാഥമികലക്ഷ്യം. WFME അംഗീകാര പ്രക്രിയയ്ക്കായി 706 മെഡിക്കല്‍ കോളേജുകള്‍ക്കായി 351.9 കോടിരൂപയാണ് ചെലവ് (ഒരു മെഡിക്കല്‍ കോളേജിന് 49,85,142 രൂപ).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല