സ്വന്തം ലേഖകൻ: എക്സിറ്റ് വീസ ലഭിച്ച ശേഷം വിവിധ കാരണങ്ങളാല്‍ യഥാസമയം നാട്ടിലേക്ക് മടങ്ങാതെ സൗദി അറേബ്യയില്‍ തങ്ങിയവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സുവര്‍ണാവസരം. എക്സിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് കാലയളവ് നോക്കാതെ 1,000 റിയാല്‍ പിഴയടച്ച് എക്സിറ്റ് നല്‍കിത്തുടങ്ങി. ഇഖാമ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞതിന്റെ ഭീമമായ തുക ഉള്‍പ്പെടെ ഒഴിവാക്കിയാണ് എക്സിറ്റ് നല്‍കുന്നത്. അപേക്ഷ സമര്‍പ്പിച്ച പരമാവധി ഇന്ത്യക്കാരെ സഹായിക്കാന്‍ എംബസ്സി ശ്രമം തുടങ്ങി.
നാലു വര്‍ഷത്തിലേറെയായി എക്സിറ്റ് കാലാവധി അവസാനിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിന് കഴിഞ്ഞ ദിവസം 1,000 റിയാല്‍ പിഴയടച്ച് നാടണഞ്ഞു. ഇഖാമ പുതുക്കുന്നതിന് എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ സംഖ്യ 40,000 റിയാല്‍ (8.83 ലക്ഷം രൂപ) അടയ്ക്കാനുണ്ടെന്ന് സ്പോണ്സര് അറിയിച്ചതിനെ തുടര്‍ന്ന് പ്രയാസത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിന് സ്വന്തം നാട്ടിലേക്ക് പോകുന്നത്. 22 വര്‍ഷം മുമ്പാണ് ജസ്റ്റിന് ആദ്യമായി സൗദിയിലെത്തുന്നത്. റിയാദില്‍ നിര്‍മാണ മേഖലയിലായിരുന്നു ജോലി. പുതിയ വീസയില്‍ സൗദിയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിച്ച് നിലവിലെ സ്പോണ്സറില് നിന്നും 2019 അവസാനത്തോടെ ഫൈനല്‍ എക്സിറ്റ് വാങ്ങി. നാട്ടില്‍ പോകുന്നതിനായി തയ്യാറായപ്പോഴായിരുന്നു കൊവിഡ് മഹാമാരിയുടെ തുടക്കം.
കൊവിഡ് കാരണം നാട്ടില്‍ പോയാല്‍ പുതിയ വീസയില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന് കരുതി നാട്ടില്‍ പോകുന്നത് നീട്ടിവെക്കുകയായിരുന്നു. സൗദിയില്‍ ജോലിയും തുടര്‍ന്നു. എക്സിറ്റടിച്ച ശേഷം നാട്ടില്‍ പോകാതിരുന്നത് വലിയ നിയമക്കുരുക്കിലേക്കാണ് ജസ്റ്റിനെ എത്തിച്ചത്.
ഇഖാമയില്ലാതെ രണ്ടു വര്‍ഷത്തോളം പോലിസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും കണ്ണില്‍പെടാതെ ഭയപ്പെട്ട് ജീവിതം തള്ളിനീക്കി. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിനാല്‍ പിടിക്കപ്പെട്ടാലും ഇല്ലെങ്കിലും ജയിലില്‍ കഴിയേണ്ടിവരുമെന്ന ആശങ്കയോടെയാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ, എക്സിറ്റ് ലഭിച്ച തൊഴിലാളി രാജ്യംവിടാത്തതിനാല്‍ തൊഴില്‍മന്ത്രാലയം സ്പോണ്‍സറുടെ സേവനങ്ങള്‍ മരവിപ്പിച്ചു.
എത്രയും പെട്ടെന്ന് രേഖകള്‍ ശരിയാക്കണമെന്നും സ്പോണ്സര് ജസ്റ്റിനെ അറിയിച്ചതോടെ ഇതിനുള്ള ശ്രമമാരംഭിച്ചു. ഇഖാമ ലഭിക്കുന്നതിനും പിഴയുമായി 13,500 റിയാല്‍ ജസ്റ്റിന് സ്പോണ്സര്ക്ക് നല്കി. ആറു മാസത്തോളം കാത്തിരുന്നിട്ടും മറുപടി ലഭിക്കാത്തതിനാല്‍ വീണ്ടും സ്പോണ്‍സറെ സമീപിച്ചപ്പോഴാണ് ഇഖാമ പുതുക്കുന്നതിന് എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ 40,000 റിയാല്‍ ഉണ്ടെന്ന് അറിയുന്നത്.
ഒമ്പത് ലക്ഷത്തോളം രൂപ കണ്ടെത്തുക പ്രയാസകരമായതിനാല്‍ ജസ്റ്റിന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ സമീപിച്ച് വഴിതേടി. ജസ്റ്റിന്റെ വിഷയം കേളി ഇന്ത്യന്‍ എംബസ്സിയുടെ ശ്രദ്ധയില്‍ പെടുത്തുകയും നാട്ടില്‍ പോകുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് എംബസ്സിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഊഴത്തിനായി മൂന്നു മാസം വരെ കാത്തിരുന്നു. ഇതിനിടെ എക്സിറ്റ് കാലാവധി തീര്‍ന്നവര്‍ക്ക് കാലയളവ് നോക്കാതെ 1,000 റിയാല്‍ പിഴയടച്ച് എക്സിറ്റ് നല്കാന് സൗദി അധികൃതര്‍ തീരുമാനിച്ചു. ഇന്ത്യന്‍ എംബസ്സിയുടെ നിരന്തര ശ്രമത്തിന്റെ കൂടി ഫലമായിരുന്നു ഇത്.
എംബസ്സിയുടെ ശ്രമഫലമായി തര്‍ഹീല്‍ (നാടുകടത്തല്‍ കേന്ദ്രം) വഴി നാട്ടിലെത്താനുള്ള എക്സിറ്റ് വീസ ലഭിച്ചതോടെയാണ് ജസ്റ്റിന്റെ മടക്കയാത്ര സാധ്യമായത്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവ് എത്രകാലം ലഭിക്കുമെന്ന് വ്യക്തമല്ലെങ്കിലും ജസ്റ്റിനെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളെ സഹായിക്കാനാണ് എംബസിയുടെയും തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല