1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2023

സ്വന്തം ലേഖകൻ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ അനായാസമാകും. ഇതിനായുള്ള ഡിജിയാത്ര സംവിധാനം ഒക്ടോബർ 2ന് ഔദ്യോഗികമായി ആരംഭിക്കും. ചെക്ക് ഇൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതാണ് ഡിജിയാത്ര ഇ–ബോർഡിങ് സോഫ്റ്റ് വെയർ. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ പരീക്ഷണാർഥം ഇത് ഉപയോഗിച്ച് വരുന്നുണ്ട്.

ആഭ്യന്തര ടെർമിനലിലെ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ–ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനുള്ള സോഫ്റ്റ് വെയർ രൂപകൽപന ചെയ്തത് സിയാലിലെ തന്നെ ഐടി വിഭാഗമാണ്. പുറത്ത് നിന്ന് വാങ്ങണമെങ്കിൽ 18 കോടിയോളം രൂപ ചെലവു വരുമായിരുന്ന സാങ്കേതിക വിദ്യയാണിത്. ഇ–ഗേറ്റുകൾ ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്.

വിമാനത്താവളത്തിൽ പരിശോധനകൾക്കായി ചെലവഴിക്കുന്ന സമയം ലാഭിക്കാം എന്നതാണ് ഡിജിയാത്രയുടെ പ്രത്യേകത. ടെർമിനലിൽ പ്രവേശിക്കുന്നതിന് മുൻപ് സെക്യൂരിറ്റി ഓഫിസറെ ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ട കാര്യം ഡിജി യാത്രക്കാർക്കില്ല. ചെക്ക്–ഇൻ കൗണ്ടറിലും ഹാൻഡ് ബാഗ്, ദേഹ പരിശോധന കൗണ്ടറിലും ഡിജിയാത്രക്കാർക്ക് പ്രത്യേക കൗണ്ടറുള്ളതിനാൽ അധിക സമയം ക്യൂവിൽ നിൽക്കേണ്ടി വരില്ല. ബോർഡിങ് ഗേറ്റിലും ഡിജി കൗണ്ടറിലൂടെ പ്രവേശിക്കാം.

രാജ്യത്ത് ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, വാരാണസി, അഹമ്മദാബാദ്, ലക്നൗ, ജയ്പുർ, ഗുവാഹത്തി, വിജയവാഡ, പൂണെ, ഹൈദരാബാദ്, കൊൽക്കത്ത വിമാനത്താവളങ്ങളിലും ഡിജിയാത്ര സൗകര്യം നിലവിലുണ്ട്. ആധാർ ബന്ധിതമായ മൊബൈൽ നമ്പർ ഉള്ളവർക്ക് മാത്രമാണ് നിലവിൽ ഡിജിയാത്ര സേവനം ലഭ്യമായിട്ടുളളത്. ഒക്ടോബർ 2നു 4.30ന് വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിയാത്ര സംവിധാനം ഉദ്ഘാടനം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.