സ്വന്തം ലേഖകൻ: ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിച്ചിരുന്ന പാവയെ അറസ്റ്റ് ചെയ്ത് പൊലീസ്. പാവയുടെ ഉടമയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കോയിലെ കാർലോസ് ‘എൻ’ പണം ആവശ്യപ്പെടാനായി പാവയെ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പാവയിൽ ഘടിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് പ്രദേശവാസികളെ കാർലോസ് ഭയപ്പെടുത്തിരുന്നത്. കുപ്രസിദ്ധമായ ‘പ്രേത പാവ’ എന്ന് അറിയപ്പെടുന്ന പാവയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
ഈ മാസം 11 ന്, വടക്കൻ മെക്‌സിക്കോയിലെ കോഹുയില സംസ്ഥാനത്തിലെ മോൺക്ലോവ എന്ന നഗരത്തിൽ, പൊതുജനങ്ങൾക്ക് ഇടയിൽ ഭീതി പരത്തി ക്രമസമാധാനം തകർത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പാവയെയും ഉടമയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കാർലോസ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. വഴിയിലൂടെ നടന്ന് പോകുന്ന ആളുകളുടെ മുഖത്തേക്ക് ഈ പാവയെ നീട്ടിയാണ് കാർലോസ് പണം ചോദിക്കുന്നത്.
വിലങ്ങ് വച്ചാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രേഖകളിലേക്ക് ആവശ്യമായ ചിത്രങ്ങളും സ്റ്റേഷനിൽ വച്ച് എടുത്തു. കത്തി ഘടിപ്പിച്ചിരിക്കുന്ന പാവയെ മുടിയിൽ പിടിച്ച് ചുമരിനോട് ചേർത്താണ് ഫൊട്ടോയെടുത്തത്.
1988-ൽ പുറത്തിറങ്ങിയ ‘ചൈൽഡ്സ് പ്ലേ’ എന്ന ഹൊറർ ചിത്രത്തിന് ശേഷമാണ് ഈ പാവക്കുട്ടി കുപ്രശസ്തി നേടിയത്. വൂഡൂ ഉപയോഗിച്ച് തന്റെ ആത്മാവിനെ പാവയിലേക്ക് മാറ്റിയ കൊലയാളിയുടെ കഥയുമായി ബന്ധമുള്ളതിനിലാണ് പാവയെ പ്രേതപാവയെന്ന് വിശേഷിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല