സ്വന്തം ലേഖകൻ: ലണ്ടനിലെ പ്രശസ്ത ഡിജെ മെഹ്മെത് കോറെ അൽപെർജിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണ പുരോഗമിക്കുന്നു. മെഹ്മെത് കോറെയുടെ ശരീരത്തിൽ 94 ഓളം മുറിവുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലണ്ടനിലെ ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് 43 കാരനായ മെഹ്മെത് കോറെ അൽപെർഗിനെയും കാമുകി ഗോസ്ഡെ ദൽബുഡക്കിനെയും ആറ് പേർ തട്ടിക്കൊണ്ടുപോയത്.
ഇവരെ വെവ്വേറെ വാഹനങ്ങളിൽ കയറ്റി വൈറ്റ് ഹാർട്ട് ലെയ്നിലെ ഒരു ബാറിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ആൽപെർജിനെ മർദിക്കുകയും, ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതിന് പുറമെ ആൽപെർജയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു.
മെയ്ഫെയറിലെ ഒരു ഇറ്റാലിയൻ റെസ്റ്റോറന്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. അക്രമികൾ ആൽപെർജിന്റെ കാറിൽ ട്രാക്കിങ് ഉപകരണം സ്ഥാപിച്ചിട്ടുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെടുന്നതിന് മുമ്പ് ആൽപെർജിനെ നഗ്നനാക്കി അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോടതിയിൽ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. മുറിവുകളുടെ എണ്ണവും സ്വഭാവവും അനുസരിച്ച്, ‘സാഡിസ്റ്റ്’ സ്വഭാവമുള്ളവരാണ് പ്രതികൾ. മാറിമാറി മുറിവേൽപ്പിക്കുന്നതിലും അടിക്കുന്നതിലും ചവിട്ടുന്നതിലും പ്രതികൾ ആനന്ദം കണ്ടെത്തി. സംഘടിത കുറ്റകൃത്യത്തിന് ലഹരി മരുന്നുമായി ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
43 കാരനായ ആൽപെർജ് വടക്കൻ സൈപ്രസിൽ നിന്നും കുടിയേറിയ വ്യക്തിയാണ്. ബ്രിട്ടിഷ് തുർക്കി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയും ലണ്ടനിലെ ബിസിം എഫ്എം എന്ന ടർക്കിഷ് ഭാഷാ റേഡിയോ സ്റ്റേഷന്റെ ഉടമയുമായിരുന്നു.ഏകദേശം 40,000 ഡോളർ കടബാധ്യത ഇയാൾക്കുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 15 ന് കാട്ടിൽ പ്രതികൾ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ 94 വ്യത്യസ്ത മുറിവുകൾ കണ്ടെത്തി. ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നു. ഇതുകൂടാതെ ആന്തരിക മുറിവുകളുമുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. ആൽപെർജിന്റെ കാമുകിയെ രണ്ട് ദിവസം ടോയ്ലറ്റിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആൽപെർജിന്റെ നഗ്നശരീരം നായ്ക്കളുമായി നടക്കാൻ ഇറങ്ങിയ വ്യക്തിയാണ് കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല