1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2023

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും പാര്‍ക്കിംഗിന് പണം നല്‍കാന്‍ ഒരൊറ്റ ആപ്പ് കൊണ്ടുവരികയാണ് റിഷി സുനക്.. മോട്ടോറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു ബുദ്ധിമുട്ടിന് പരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഈ ആപ്പുമായി രംഗത്ത് വരുന്നത്. വിവിധ ലൊക്കേഷനുകളില്‍ വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്ന തലവേദന ഒഴിവാക്കാനാണ് സുനാകിന്റെ പ്രഖ്യാപനം ഗുണം ചെയ്യുക.

ഒരു ദേശീയ പാര്‍ക്കിംഗ് പ്ലാറ്റ്ഫോം പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച് എല്ലായിടത്തും നടപ്പാക്കാനാണ് ലക്ഷ്യമാക്കുന്നത്. ഇതിന് പുറമെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം സൃഷ്ടിച്ച് ട്രാഫിക് ദുരിതം സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വമ്പന്‍ പിഴ ഏര്‍പ്പെടുത്താനും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.

കൂടാതെ റോഡുകളിലെ മണിക്കൂറില്‍ 20 മൈല്‍ വേഗതാപരിധി സോണുകള്‍ റദ്ദാക്കുന്നത് അടക്കമുള്ള നീക്കങ്ങളും സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിുട്ടുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുകെയിലെ 28 മില്ല്യണ്‍ ജനങ്ങള്‍ക്ക് ഇതിന്റെ ആശ്വാസം ലഭിക്കുമെന്നാണ് കണക്ക്. രാജ്യത്തെ കാല്‍ശതമാനം ജനസംഖ്യയാണ് ഇത്തരം വേഗപരിധികളില്‍ ശ്വാസംമുട്ടി കഴിയുന്നത്.

ഇത് പോലുള്ള നിരവധി സേഫ്റ്റി സ്‌കീമുകളാണ് സുനക് അവസാനിപ്പിക്കാന്‍ പോകുന്നത്. ഇതിന് പുറമെ ഇംഗ്ലണ്ടിലെ ലോ ട്രാഫിക്ക് നൈബര്‍ഹുഡ്സ് അല്ലെങ്കില്‍ എല്‍ടിഎന്‍എസ് അടക്കമുള്ളവ വേണ്ടെന്ന് വയ്ക്കാനും ആലോചനയുണ്ട്. എന്നാല്‍ സുനകിന്റെ ഇത്തരം പദ്ധതികള്‍ കപടനാട്യമാണെന്ന് ആരോപിച്ച് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. മോട്ടോറിസ്റ്റുകള്‍ക്ക് വിരുദ്ധമായ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ റദ്ദാക്കുന്നതിനായുള്ള പുതിയ ദീര്‍ഘകാല നയങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കുന്നതിനുള്ള പദ്ധതി സുനക് വൈകിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളുമായി അദ്ദേഹം മുന്നോട്ട് വരുന്നതെന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.