സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് യുഎഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിച്ചു. മസ്‌കറ്റില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസ് വൈകീട്ട് 3.40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബിയില്‍ നിന്ന് രാവിലെ 10.45ന് പുറപ്പെടുന്ന ബസ് രാത്രി 8.35നാണ് മസ്‌കറ്റിലെത്തുക.
മസ്‌കറ്റില്‍ നിന്ന് അബുദാബിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 11.5 ഒമാനി റിയാല്‍ (109 ദിര്‍ഹം) ആണ് ബസ് ചാര്‍ജ്. യാത്രക്കാര്‍ക്ക് 23 കിലോ വരെ ലഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗും അനുവദിക്കുന്നുണ്ട്. റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക് 22 ഒമാനി റിയാല്‍ (210 ദിര്‍ഹം) ആണ്.
കോവിഡ്-19 പടര്‍ന്നുപിടിച്ചതോടെ നിര്‍ത്തിവച്ച സര്‍വീസുകളാണ് പുനനാരംഭിക്കുന്നത്. ഒമാനിന്റെ തലസ്ഥാന നഗരിയില്‍ നിന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കും അല്‍ ഐനിലേക്കും ഒക്ടോബര്‍ ഒന്നു മുതല്‍ യാത്രാബസ്സുകള്‍ പുനഃസ്ഥാപിക്കുമെന്ന് മുവാസലാത്ത് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (പഴയ ട്വിറ്റര്‍) നേരത്തേ പ്രഖ്യാപിച്ചിരുന്നു. മുമ്പ് ദുബായ്-മസ്‌കറ്റ് സര്‍വീസും മുവാസലാത്ത് നടത്തിയിരുന്നു.
യുഎഇക്കും ഒമാനുമിടയില്‍ സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമാണ് ബസ് സര്‍വീസ്. ഒമാനിലെ സലാല ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇയിലെ വിനോദസഞ്ചാരികള്‍ക്കും ഇത് ഏറെ ഉപകാരപ്പെടും. ദുബായ് ഉള്‍പ്പെടെയുള്ള യുഎഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും നഗരങ്ങളും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇനി കുറഞ്ഞ ചെലവില്‍ യാത്രചെയ്യാം.
അബുദാബിയില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള യാത്രയുടെ ദൈര്‍ഘ്യം ഏകദേശം നാല് മണിക്കൂറും 47 മിനിറ്റുമാണെന്ന് ഗൂഗ്ള്‍ മാപ് കാണിക്കുന്നു. ഇമിഗ്രേഷനും മറ്റ് സേവനങ്ങളും യാത്രക്കിടയിലെ വിശ്രമ സമയങ്ങളും കണക്കിലെടുത്ത് യാത്ര ഏകദേശം ആറ് മണിക്കൂര്‍ മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയാവും.
മസ്‌കറ്റിലെ ബുര്‍ജ് അല്‍ശഹ്‌വ മുവാസലാത്ത് സ്റ്റേഷനില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. 202ാം നമ്പര്‍ റൂട്ടിലൂടെ അല്‍ഐന്‍ വഴിയാണ് അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനിലെത്തുക. ഇവിടെ നിന്നുതന്നെ തിരിച്ച് മസ്‌കറ്റിലേക്കു വരും. യുഎഇയില്‍ രണ്ട് സ്‌റ്റോപ്പുകളാണുള്ളത്. അല്‍ഐന്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ടിലെ അല്‍വഫീദ സ്ട്രീറ്റിലുള്ള സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, അബുദാബി അല്‍വഹ്ദ സോണ്‍ ഒന്നില്‍ റാശിദ് ബിന്‍ സഈദ് അല്‍മക്തൂം സ്ട്രീറ്റിലെ ബസ് സ്റ്റേഷന്‍ എന്നിവയാണിവ.
ഒമാനിലെ അല്‍സൈബ മുവാസലാത്ത് ബസ് സ്റ്റേഷന്‍, മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഓള്‍ഡ് ടെര്‍മിനല്‍, അല്‍ഖൗദ് ബ്രിഡ്ജ്, അല്‍മബീല മുവാസലാത്ത് ബസ്‌സ്റ്റേഷന്‍, വാദി അല്‍ജിസി, ബറക ബ്രിഡ്ജ്, ബറക അല്‍സംഹാന്‍, ബറക സല്ലാഹ, അല്‍റുമൈസ്, അല്‍നസീം ഗാര്‍ഡന്‍, മബില നോര്‍ത്ത്, അല്‍സിയ, വാദി അല്‍ജിസി ഹോസ്പിറ്റല്‍, വാദി അല്‍ജിസി ചെക്ക് പോസ്റ്റ്, വാദി അല്‍ജിസി അല്‍ഹംദാനിയ ബ്രിഡ്ജ്, വാദി സഅ, അല്‍ബുറൈമി ഹോസ്പിറ്റല്‍, അല്‍ബുറൈമി എന്നിവിടങ്ങളില്‍ ബസ്സിന് സ്റ്റോപ്പുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല