സ്വന്തം ലേഖകൻ: നാട്ടില്‍ പണം നല്കിയാല് ഏജന്‍സി ഫീസോ ടാക്സോ ഈടാക്കാതെ യുകെയിലെ യൂണിവേഴ്സിറ്റി ഫീസ് അടച്ചു നല്‍കാമെന്നു പറഞ്ഞു വിദ്യാര്‍ഥികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെന്നു പരാതി. മലയാള മനോരമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍, ജനുവരി ഇന്‍ടേക്കുകളില്‍ അഡ്മിഷന് എടുത്തു യുകെയിലെത്തിയ നിരവധി മലയാളി വിദ്യാര്‍ഥികള്‍ക്കു പണം നഷ്ടമായി.
ഫീസ് അടയ്ക്കാതെ വന്നതോടെ വിദ്യാര്‍ഥികളെ യൂണിവേഴ്സിറ്റില്‍ നിന്നു പുറത്താക്കുകയും പഠനം പാതി വഴിയില്‍ മുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഒരുവര്‍ഷ പഠന കാലാവധിക്കകം പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളോട് നാട്ടിലേയ്ക്കു മടങ്ങാനും സര്‍വകലാശാല നിര്‍ദേശം നല്‍കിയതായി വിദ്യാര്‍ഥികള്‍ പറയുന്നു.
മാഞ്ചസ്റ്ററില്‍ നിന്നുള്ള ഏതാനും വിദ്യാര്‍ഥികള്‍ തട്ടിപ്പിന് ഇരയായതായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വിവരം പുറത്തു വന്നതോടെ സമാന തട്ടിപ്പിന് ഇരയായെന്ന് അറിയിച്ച് നിരവധി വിദ്യാര്‍ഥികളാണ് രംഗത്തു വന്നിട്ടുള്ളത്. ഓരോ വിദ്യാര്‍ഥികളില്‍ നിന്നും മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. വിദ്യാര്‍ഥികളെ തന്നെ കമ്മിഷന് നല്കി സ്വാധീനിച്ച് കൂടുതല്‍ കുട്ടികളില്‍ നിന്നു പണം വാങ്ങിയാണ് തട്ടിപ്പു നടത്തിയിരിക്കുന്നത്.
വിദ്യാര്‍ഥികളില്‍ നിന്നു പണംവാങ്ങുന്നതിനു മുമ്പു തന്നെ ഫീസ് അടച്ചതിന്റെ രശീത് നല്കി ഫീസ് അടച്ചെന്നു വിശ്വസിപ്പിച്ചു പണം വാങ്ങുന്നതാണ് സംഘത്തിന്റെ രീതി. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ മലപ്പുറം സ്വദേശി ഇതിനകം യുകെയില്‍ നിന്നു കടന്നു കളഞ്ഞിട്ടുണ്ട്. ഇയാളെ അന്വേഷിച്ചു മലപ്പുറം ചങ്ങരംകുളത്തുള്ള വീട്ടില്‍ പണം നഷ്ടമായ യുവാക്കളില്‍ ഒരാള്‍ ചെന്നെങ്കിലും കണ്ടെത്താനായില്ല.
ദിവസങ്ങള്‍ക്കു മുമ്പു നാട്ടില്‍ വന്നിരുന്നെങ്കിലും ഇയാള്‍ ദുബായിലേയ്ക്കു കടന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ആലുവ സ്വദേശി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. ഇയാളുടെ പിതാവിനോടു സംസാരിച്ചെങ്കിലും മകന്റെ തട്ടിപ്പിനെക്കുറിച്ച് അറിവില്ലെന്നാണു പറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പണം നഷ്ടപ്പെട്ട നിരവധിപ്പേര്‍ വീട് അന്വേഷിച്ചു ചെന്നതായി സമീപവാസികളും പറയുന്നുണ്ട്.
നാട്ടില്‍ പണം നല്കിയാല് ഏജന്‍സി ഫീസോ നികുതിയോ ഈടാക്കാതെ യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കുമെന്നാണ് വാഗ്ദാനം. ഇതു വിശ്വസിച്ചു നാട്ടിലും യുകെയിലെ അക്കൗണ്ടിലും വിദ്യാര്‍ഥികള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ഫീസ് അടയ്ക്കുന്നതിനെ കുറിച്ച് അന്വേഷിച്ച വിദ്യാര്‍ഥികളുടെ പോലും ഫീസ് അടച്ച് രസീത് കാണിക്കുന്നതോടെ പണം നല്‍കേണ്ടി വരികയായിരുന്നു ചിലര്‍ക്ക്.
ചില വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റിയില്‍ അന്വേഷിച്ചപ്പോഴും ഫീസ് അടച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പണം നല്കിയവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. യൂണിവേഴ്സിറ്റിയില്‍ അടച്ച ഫീസ് തൊട്ടു പിന്നാലെ അതേ അക്കൗണ്ടുകളിലേയ്ക്കു തന്നെ തിരികെ എടുത്തതായാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
സംഭവത്തിനു പിന്നില്‍ തട്ടിപ്പു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികളില്‍ നിന്നു വ്യക്തമാകുന്നത്. യൂണിവേഴ്സിറ്റി അക്കൗണ്ടുകളില്‍ പണം ചെന്നിട്ടില്ലെന്നു പരാതി ഉയര്‍ന്നതോടെ പണം നല്‍കാമെന്ന് ഒരു ഘട്ടത്തില്‍ തട്ടിപ്പുകാര്‍ പറഞ്ഞെങ്കിലും ആര്‍ക്കും പണം ലഭിച്ചിട്ടില്ല.
വിദ്യാര്‍ഥികള്‍ പരാതി നല്‍കുമെന്ന ഘട്ടം വന്നതോടെ ഭീഷണിയുടെ സ്വരത്തിലാണ് തട്ടിപ്പു സംഘം പ്രതികരിക്കുന്നത്. പണം വാങ്ങിയവരുടെ സംഘത്തില്‍ പെട്ട കാസര്‍കോട് സ്വദേശി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുഴല്‍ പണമായി പൈസ യുകെയില്‍ എത്തിക്കുന്നതിനു ശ്രമിച്ചതിന് വിദ്യാര്‍ഥികളെയും കുടുക്കില്‍ പെടുത്തുമെന്നും പരാതി നല്കിയാല് ഒരു പൈസ പോലും തരില്ലെന്നുമെല്ലാം ഇയാള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
അതിനിടെ മലപ്പുറം ചങ്ങരംകുളം സ്വദേശി താന്‍ പണം വാങ്ങി എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും അതു വിശ്വസിക്കരുതെന്നും കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല