സ്വന്തം ലേഖകൻ: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്കുന്ന സൂചന. കാന്‍സറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവിത ശൈലി രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനുള്ള വെല്ലുവിളിയാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. നമ്മള് തുടര്‍ന്നുവരുന്ന ആരോഗ്യപരമല്ലാത്ത ജീവിതരീതികളിലും ശീലങ്ങളിലും മാറ്റം വരുത്തണം. ആരോഗ്യപരമായ ശീലങ്ങള്‍ പിന്തുടരണം. സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണ്. എന്നാല്‍ മാത്രമേ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ. ജീവിത ശൈലി രോഗങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. കാന്‍സറും ജീവിത ശൈലി രോഗമാണ്.
ഇത്തവണത്തെ ബജറ്റില്‍ പ്രധാനപ്പെട്ട മൂന്ന് കാന്‍സര്‍ സെന്ററുകള്‍ക്കും പ്രത്യേകമായി തുക അനുവദിച്ചു. ആര്.സി.സിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും ഒട്ടേറെ നൂതന സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കുട്ടികളിലെ കണ്ണിന്റെ കാന്‍സര്‍ ചികിത്സയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നൂതന സംവിധാനം ഒരുക്കി. ആര്.സി.സിയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ചികിത്സ ഏര്‍പ്പെടുത്തി. ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം, മലബാര്‍ കാന്‍സര്‍ സെന്ററിലും ആര്.സി.സിയിലും റോബോട്ടിക് സര്‍ജറി, ഡിജിറ്റല്‍ പത്തോളജി എന്നിവയെല്ലാം ഉടന്‍ തുടങ്ങും.
ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമേ സങ്കീര്‍ണ്ണ രോഗാവസ്ഥ കൈകാര്യം ചെയ്യാന്‍ സവിശേഷ പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. സമഗ്രമായ അര്‍ബുദ നിയന്ത്രണം ലക്ഷ്യമാക്കി തയ്യാറാക്കിയ കേരള കാന്‍സര്‍ കണ്ട്രോള് സ്ട്രാറ്റജി പൈലറ്റ് അടിസ്ഥാനത്തില്‍ 3 ജില്ലകളില്‍ ആരംഭിച്ചതിനു പുറമെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഇതോടെ പ്രാരംഭ ദിശയില്‍ തന്നെ കാന്‍സര്‍ കണ്ടെത്താന്‍ കഴിയും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ച്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ നടന്നുവരുന്നുണ്ട്. കാന്‍സര്‍ സെന്ററുകളേയും മെഡിക്കല്‍ കോളജുകളേയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനായി കാന്‍സര്‍ ഗ്രിഡ് രൂപികരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. കാന്‍സറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നത്. അവയ്ക്ക് കരുത്ത് പകരാന്‍ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നം മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല